ചണ്ഡിഗഡ്: ലക്നൗവിൽ പ്രിയങ്ക ഗാന്ധിയുടെ റാലി പുരോഗമിക്കുമ്പോൾ ട്വിറ്ററിൽ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു ലൈവ് കമന്‍ററി എന്നോണമാണ് ട്വീറ്റ് ചെയ്തുകൊണ്ടിരുന്നത്. ക്രിക്കറ്റ് കമന്‍റേറ്ററുടെ ശൈലിയിൽ തന്നെയായിരുന്നു സിദ്ദുവിന്‍റെ ട്വീറ്റുകൾ.

ആദ്യത്തെ അടികൊണ്ട് പകുതി യുദ്ധം ജയിച്ചിരിക്കുന്നു. ആദ്യ ഇന്നിങ്സ്, ആദ്യ പന്ത്, അതുതന്നെ സിക്സർ... നന്നായി തുടങ്ങി. പകുതി ജയിച്ചിരിക്കുന്നു.

തുടർന്ന് പ്രിയങ്കയെ പുകഴ്ത്തി ഒന്നിനുപുറകെ ഒന്നായി പതിവ് സിദ്ദു ശൈലിയിൽ ട്വീറ്റുകൾ.

ഭാഗ്യത്തിനൊരു നല്ല സ്വഭാവമുണ്ട്, അത് പ്രിയങ്കയ്ക്കൊപ്പം മാറും. നദികൾക്ക് അരുവികൾ വേണം, കെട്ടിടങ്ങൾക്ക് അടിത്തറ വേണം, കോൺഗ്രസിന് പ്രിയങ്കയെ വേണം. രത്നങ്ങൾ എന്നേയ്ക്കുമുള്ളതാണ്, പ്രിയങ്കയും അതുപോലെയാണ്, കോഹിന്നൂർ രത്നത്തെ ലക്നൗ സ്വാഗതം ചെയ്യുന്നു.. എന്നിങ്ങനെ പോയി സിദ്ദുവിന്‍റെ ട്വീറ്റുകൾ.

ക്രിക്കറ്റിലെ തത്സമയ വിവരണത്തെ രസകരമാക്കിയ സിദ്ദുവിന്‍റെ ആലങ്കാരിക പദപ്രയോഗങ്ങൾ രാഷ്ട്രീയത്തിൽ ബിജെപിയെയും ഏറെ തുണച്ചിട്ടുണ്ട്. കോൺഗ്രസിലെ രണ്ടാം ഇന്നിംഗ്സിലും വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്സ്മാന്‍റെ പാടവത്തോടെ സമൂഹ മാധ്യമത്തിലും പുറത്തും സിദ്ദു സ്വന്തം ടീമിനുവേണ്ടി ഫോമിൽ തന്നെ.