Asianet News MalayalamAsianet News Malayalam

വീണ്ടും പോസ്റ്റർ വിവാദം: രാഹുൽ ​ഗാന്ധി പരമശിവൻ, മോദി മഹിഷാസുരൻ; നിഷേധിച്ച് കോൺ​ഗ്രസ്

ആദ്യത്തെ പോസ്റ്ററുകളിൽ‌ മോദിയും ​രാഹുലും യഥാക്രമം രാവണനും രാമനും ആയിരുന്നെങ്കിൽ ഏറ്റവും പുതിയതിൽ മോദി മഹിഷാസുരനും ​രാഹുൽ പരമശിവനുമാണ്. പ്രിയങ്കാ ​ഗാന്ധിയെ ദുർ​ഗയായും ചിത്രീകരിച്ചിട്ടുണ്ട്. 

news poster at patna as rahul lord siva modi as mahishasura and priyanka as durga
Author
Bihar, First Published Feb 3, 2019, 9:58 PM IST

പട്ന: പട്നയിൽ വീണ്ടും പോസ്റ്റർ ചിത്രീകരണം വിവാദത്തിലേക്ക്. രാഹുൽ​ ഗാന്ധി സംഘടിപ്പിച്ച റാലിയ്ക്ക് ഒരു ദിവസം മുമ്പാണ് ഈ പോസ്റ്റർ പട്നയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ പോസ്റ്ററുകളിൽ‌ മോദിയും ​രാഹുലും യഥാക്രമം രാവണനും രാമനും ആയിരുന്നെങ്കിൽ ഏറ്റവും പുതിയതിൽ മോദി മഹിഷാസുരനും ​രാഹുൽ പരമശിവനുമാണ്. പ്രിയങ്കാ ​ഗാന്ധിയെ ദുർ​ഗയായും ചിത്രീകരിച്ചിട്ടുണ്ട്.

ഹൈന്ദവ പുരാണം അനുസരിച്ച് മഹിഷാസുരനെ വധിച്ചത് ദുർ​ഗയാണ്. ബിജെപിയോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ കോൺ​ഗ്രസ് പ്രവർ‌ത്തകരാണ് ഈ പോസ്റ്റർ പുറത്തിറക്കിയത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ കോൺ​ഗ്രസ് പ്രവർത്തകർ ഈ ആരോപണത്തെ പാടെ നിഷേധിച്ചിരിക്കുകയാണ്.

ഇതിന് മുമ്പ് രണ്ട് തവണ പട്നയിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. അവയിൽ രാഹുൽ​ഗാന്ധിയെ രാമനായും മോദിയെ രാവണനായുമാണ് ചിത്രീകരിച്ചിരുന്നത്. പാർട്ടി പ്രവർത്തകരെ ഹൈന്ദവ ദൈവങ്ങളായി ചിത്രീകരിച്ച് പോസ്റ്റർ പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും  രാഹുൽ ​ഗാന്ധിക്കും കോൺ​ഗ്രസ് മേധാവി മദൻ മോഹൻ ഝായ്ക്കുമെതിരെ കേസെടുത്തിരുന്നു.

എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റർ കോൺ​ഗ്രസിന്റേതല്ലെന്ന് മദൻ മോഹൻ ഝാ സാക്ഷ്യപ്പെടുത്തുന്നു. ഈ പോസ്റ്റർ പുറത്തിറക്കിയത് ആരാണെന്നവിഷയത്തിൽ അന്വേഷണം നടത്തും. ആരാണെങ്കിലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജൻ ആകാംഷ റാലി മീഡിയ സെൽ ചെയർമാൻ പ്രേം ചന്ദ്ര മിശ്ര ഉറപ്പ് നൽ‌കി. 
 

Follow Us:
Download App:
  • android
  • ios