തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നിര്‍ണ്ണായക സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുകയാണ് യുഡിഎഫ്. അധിക സീറ്റ് വേണമെന്ന ആവശ്യം മുസ്ലീം ലീഗും കേരളാ കോൺഗ്രസും മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിലുള്ള സീറ്റിന് പുറമെ വയനാടോ കാസര്‍കോടോ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ പോലെ വിജയസാധ്യതയുള്ള രണ്ടാം സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസ് എമ്മും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റ് വിഭജനം ഉഭയകക്ഷി ചര്‍ച്ചയുടെ പരിഗണനയക്ക് വരുന്നത്.

അതേസമയം മൂന്നാം സീറ്റ് എന്ന ആവശ്യം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യാനാണ് മുസ്ലിം ലീഗിനകത്തെ ധാരണ. അവകാശവാദം ഉന്നയിക്കുന്നതിനപ്പുറത്ത് കടുംപിടുത്തത്തിന് ലീഗ് നേതൃത്വം തയ്യാറാകില്ലെന്നാണ് വിവരം. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ആവശ്യമാണ് കേരളാ കോൺഗ്രസ് എം മുന്നോട്ട് വയ്ക്കുന്നത്. ജോസഫ് വിഭാഗം രണ്ടാം സീറ്റിൽ നിലപാട് കടുപ്പിച്ചിട്ടുമുണ്ട്. കെഎം മാണി വിഭാഗവും പിജെ ജോസഫും പക്ഷവും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങളും തലവേദനയാണ്.

എന്നാൽ കേരളാ കോൺഗ്രസിന് കോട്ടയം സീറ്റിനപ്പുറം മറ്റൊരു വിട്ടുവീഴ്ചയും നടക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇക്കാര്യം കേരളാ കോൺഗ്രസ് നേതൃത്വത്തെയും ധരിപ്പിച്ചതായാണ് വിവരം. അതേസമയം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മാത്രമെ കോട്ടയത്ത് അനുവദിക്കു എന്ന നിര്‍ബന്ധവും കോൺഗ്രസ് മുന്നോട്ട് വയ്ക്കും. പിജെ ജോസഫിനെ പിണക്കാൻ കോൺഗ്രസ് ഒരുക്കമല്ലെങ്കിലും സീറ്റ് സംബന്ധിച്ച മാണി ജോസഫ് തര്‍ക്കം പരിഹരിക്കാൻ പാര്‍ട്ടിക്കകത്ത് തന്നെയാണ് ധാരണ വേണ്ടതെന്നാണ് മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്

ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റവും സാധ്യതകളും ചൂണ്ടിക്കാട്ടി പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് . അതുകൊണ്ടു തന്നെ നിലവിലെ സീറ്റിനപ്പുറത്ത് ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചാലും കോൺഗ്രസ് നേതൃത്വം വഴങ്ങാനിടയില്ല. അങ്ങനെ എങ്കിൽ മുന്നണി വിട്ടുപോയ ജനതാദളിന്‍റെ ഒരു സീറ്റ് കൂടി ഏറ്റെടുത്ത്  16 സീറ്റിൽ കോൺഗ്രസും രണ്ടിടത്ത് മുസ്ലീം ലീഗും ഓരോ സീറ്റിൽ വീതം കേരളാ കോൺഗ്രസും ആഎസ്പിയും മത്സരിക്കാനാണ് നിലവിലെ സാധ്യത.

ഒരു സീറ്റും വെച്ച് മാറുന്നത് ആലോചനയിലില്ലെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാൻ പറഞ്ഞു. 
ജനാധിപത്യമുന്നണിയിൽ സീറ്റ് പിടിച്ചെടുക്കാനോ തട്ടിപ്പറിക്കാനോ ആരും ശ്രമിച്ചിട്ടില്ല, പക്വമായ രീതിയിൽ ഉഭയകക്ഷി ചർച്ച മുന്നോട്ട് പോകും. യഥാർത്ഥ്യബോധത്തോടെ ജനാധിപത്യമര്യാദ പാലിക്കുന്നവരാണ് നേതാക്കളെന്നും അവകാശവാദങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നും യുഡിഎഫ് കണൺവീനര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു