ആവശ്യപ്പെട്ട രണ്ട് സീറ്റ് യുഡിഎഫില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ നിലവിലുള്ള സീറ്റില്‍ മത്സരിക്കണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം.

കോട്ടയം: ഹര്‍ത്താലിനെ തുടര്‍ന്ന് യുഡിഎഫ് ഉഭയ കക്ഷി ചര്‍ച്ചകള്‍ മാറ്റി വച്ചെങ്കിലും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി കേരളാ കോണ്‍ഗ്രസ് എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെ എം മാണിയെയും പി ജെ ജോസഫിനെയും സന്ദര്‍ശിച്ച കുഞ്ഞാലിക്കുട്ടി ഇരുവരുമായും ചര്‍ച്ച നടത്തി.

ആവശ്യപ്പെട്ട രണ്ട് സീറ്റ് യുഡിഎഫില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ നിലവിലുള്ള സീറ്റില്‍ മത്സരിക്കണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്ത് കൊണ്ടുവരുന്നതിനോടും കടുത്ത അതൃപ്തി പി ജെ ജോസഫിനുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും ജോസഫ് പറയുന്നു.

കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. നിലവിലുള്ള രണ്ട് സീറ്റിന് പുറമെ ഒരെണ്ണം കൂടി വേണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഘടകകക്ഷികള്‍ക്ക് അധിക സീറ്റ് നല്‍കാന്‍ ആകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.