പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്നാണ് മുകുന്ദന്‍ വ്യക്തമാക്കിയത്. ശിവസേനയുടെ പിന്തുണയുള്ള അദ്ദേഹത്തെ ബിജെപിയിലേയും ആര്‍എസ്എസിലേയും വലിയൊരു വിഭാഗവും അനുകൂലിക്കുന്നുണ്ട്

കോഴിക്കോട്: തിരുവനന്തപുരത്ത് വിമതനായി മത്സരിക്കാനൊരുങ്ങുന്ന പി പി മുകുന്ദന്‍, ബിജെപിയുടെ സന്നദ്ധ സംഘടന പരിപാടിയില്‍ കുമ്മനം രാജശേഖരനൊപ്പം വേദി പങ്കിട്ടു. കോഴിക്കോട് ചെറുവറ്റയില്‍ സേവഭാരതിയുടെ പരിപാടിയിലാണ് പരിഭവം മറച്ച് മുകുന്ദന്‍ പങ്കെടുത്തത്.

സംസ്ഥാന നേതൃത്ത്വത്തിന്‍റെ അവഗണനയില്‍ നീരസം പൂണ്ടാണ് പിപി മുകുന്ദന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്നാണ് മുകുന്ദന്‍ വ്യക്തമാക്കിയത്. ശിവസേനയുടെ പിന്തുണയുള്ള അദ്ദേഹത്തെ ബിജെപിയിലേയും ആര്‍എസ്എസിലേയും വലിയൊരു വിഭാഗവും അനുകൂലിക്കുന്നുണ്ട്. ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത്.

മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടനകന്‍.ഉദ്ഘാടനത്തിനെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിക്കാനും പി പി മുകുന്ദനുണ്ടായിരുന്നു. വേദി പങ്കിട്ട് കുമ്മനം രാജശേഖരന് കൈകൊടുത്ത് അഭിവാദ്യംചെയ്ത മുകുന്ദന്‍ പക്ഷെ പ്രസംഗത്തില്‍ രാഷ്ട്രീയമൊന്നും സൂചിപ്പിച്ചില്ല. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാനും പിപി മുകുന്ദന്‍ വിസമ്മതിച്ചു.