കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പാർട്ടി ചെയർമാൻ പി ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റുകൾ വേണം. കേരളാ കോൺഗ്രസിന് മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവ‍ർത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

12-ാം തീയതി നടക്കുന്ന ഉഭയകക്ഷി ച‍ർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് പി ജെ ജോസഫ് പറയുന്നത്. അവഗണനയിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പി ജെ ജോസഫ് വീണ്ടും കേരളാ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് മുന്നോട്ടുപോവുകയാണ് പി ജെ ജോസഫ്. 

Read More: തമ്മിലടി മൂക്കുന്നോ? പി ജെ ജോസഫിന്‍റെ പ്രാർഥനായജ്ഞത്തിൽ പി സി ജോർജും, പിളരില്ലെന്ന് ജോസ് കെ മാണി

കഴിഞ്ഞ ബുധനാഴ്ച പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തിയ പ്രാർഥനായജ്ഞത്തിൽ പി സി ജോർജും പങ്കെടുത്തിരുന്നു. പാർട്ടിയിൽ നിന്ന് തമ്മിലടിച്ച്, കെ എം മാണിക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തി പുറത്തുപോയ പി സി ജോർജ്, ജോസഫിന്‍റെ പ്രാർഥനായജ്ഞത്തിനെത്തിയതോടെ, പാർട്ടിയിൽ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി. മാണി ഗ്രൂപ്പിൽ ഉൾപ്പെട്ട തോമസ് ഉണ്ണിയാടൻ, എൻ ജയരാജ് എന്നിവരും വേദിയിലുണ്ടായിരുന്നു.

Read More: കേരളാ കോൺഗ്രസ് 2014-ൽ രണ്ട് സീറ്റ് ചോദിക്കാതിരുന്നതെന്ത്? കാരണം വെളിപ്പെടുത്തി ഫ്രാൻസിസ് ജോർജ്

പാർട്ടി എംപിയായ ജോസ് കെ മാണി കേരളയാത്ര നടത്തുന്നതിനിടെയാണ് ഇന്ന് ഗാന്ധി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ജോസഫ് പ്രാർഥനായജ്ഞം നടത്തിയത്. പാർട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് യജ്ഞം. 

കേരളാ കോൺഗ്രസിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചിരുന്നു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ടില പിളരുമോ എന്ന ചർച്ചകളും രാഷ്ട്രീയവൃത്തങ്ങളിൽ സജീവമായിരുന്നു. 

ജോസ് കെ മാണിയുടെ കേരളയാത്ര പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാതെയാണെന്ന് ജോസഫ് പറഞ്ഞ‌തും ശ്രദ്ധേയമായി. ഫ്രാൻസിസ് കെ ജോർജിന്‍റെ ജനാധിപത്യ കേരളാ കോൺഗ്രസ് അടക്കം പുറത്തുള്ള ഘടകങ്ങളുമായി കൈകോർക്കുമോ എന്ന ചോദ്യത്തിന് നോക്കാമെന്നായിരുന്നു മറുപടി.