ദില്ലി: എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയ്ക്ക് തൊട്ടുമുമ്പായി ഭർത്താവ് റോബർട്ട് വദ്രയുടെ വികാരനിർഭരമായ പോസ്റ്റ്. 'പ്രിയപ്പെട്ട പി' എന്ന് തുടങ്ങുന്ന പോസ്റ്റിൽ രാജ്യത്തെ സേവിക്കുക എന്നത് പ്രിയങ്കയുടെ കർത്തവ്യമാണെന്നും, അവളെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേൽപിക്കുകയാണെന്നും അവളെ സുരക്ഷിതയായി കാക്കണമെന്നും വദ്ര എഴുതുന്നു. 

വദ്രയുടെ പോസ്റ്റിന്‍റെ പരിഭാഷ ഇങ്ങനെ:

''എന്‍റെ എല്ലാ ആശംസകളും പി, ഉത്തർപ്രദേശിലേക്കുള്ള നിന്‍റെ യാത്രയ്ക്ക്, ജനങ്ങളെ സേവിക്കാനുള്ള യാത്രയ്ക്ക്. നീയെന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, തികഞ്ഞ ഭാര്യയാണ്, എന്‍റെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയാണ്. ഇത് ദുഷ്കരമായ, അധാർമികമായ, കൗശലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയാണെന്നറിയാം. പക്ഷേ, ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് അവളുടെ ചുമതലയാണ്. അവളെ ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേൽപിക്കുന്നു. അവളെ സുരക്ഷിതയായി നോക്കണം.''