ലക്നൗ: പ്രിയങ്കയും രാഹുലും പങ്കെടുക്കുന്ന കോൺഗ്രസ് റാലിക്ക് മുന്നോടിയായി വമ്പിച്ച ഒരുക്കങ്ങളാണ് കോൺഗ്രസ് ലക്നൗ നഗരത്തിൽ നടത്തിയിരിക്കുന്നത്. '2019 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വലിയ പ്രതീക്ഷ' എന്നാണ് പ്രിയങ്കയെ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നഗരം മുഴുവൻ പ്രിയങ്കയുടെ പോസ്റ്ററുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. സംസ്ഥാന കോൺഗ്രസ് ആസ്ഥാനം പുഷ്പാലംകൃതമായി പ്രിയങ്ക ചിത്രങ്ങളിൽ മുങ്ങി നിൽക്കുകയാണ്.

പ്രിയങ്കയുടെ ചിത്രം പ്രിന്‍റ് ചെയ്ത ടി ഷർട്ടുകൾ ധരിച്ച പ്രവർത്തകർ റാലിക്കായി എത്തിത്തുടങ്ങി. പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് സമീപം പ്രിയങ്കയെ ദുർഗ്ഗാദേവിയായി ചിത്രീകരിക്കുന്ന ബാനറും ഉയർന്നിട്ടുണ്ട്. ദുർഗ്ഗാദേവിയുടെ അവതാരമായാണ് ബാനറിൽ പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്. പ്രിയങ്കയുടേയും രാഹുലിന്‍റേയും പടുകൂറ്റൻ ചിത്രങ്ങളുള്ള ഹോ‍ഡിംഗുകളും നഗരത്തിൽ പലയിടത്തും പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടേയും മറ്റ് കോൺഗ്രസ് പ്രവർത്തരുടേയും കാരിക്കേച്ചറുകളും മോദിയേയും ബിജെപി നേതാക്കളേയും വിമർശിക്കുന്ന കാർട്ടൂണുകളും നഗരത്തിൽ നിറഞ്ഞിരിക്കുന്നു.

രണ്ടാഴ്ച മുമ്പ് കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് ശേഷം ഇതാദ്യമായാണ് പ്രിയങ്കാ ഗാന്ധി ലക്നൗവിൽ എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുപ്പത് കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം പങ്കെടുക്കും.

പ്രിയങ്കയ്ക്ക് പാർട്ടി ചുമതല നൽകിയിരിക്കുന്ന കിഴക്കൻ ഉത്തർപ്രദേശ് കോൺഗ്രസിനും നെഹ്രു കുടുംബത്തിനും ഏറെ  വൈകാരിക ബന്ധമുള്ള പ്രദേശമാണ്. ജവഹർലാൽ നെഹ്രുവിനെ തുടർച്ചയായി ലോക്സഭയിലെത്തിച്ചത് ഇവിടത്തെ ഫൂൽപൂർ മണ്ഡലത്തിൽ നിന്നായിരുന്നു. നെഹ്രു കുടുംബത്തിന്‍റെ വേരുകൾ അലഹബാദിലാണ്. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ലോക്സഭാ മണ്ഡലവും അലഹബാദ് ആയിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോരക്പൂറിലും ഫൂൽപൂറിലും കോൺഗ്രസ് ദയനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഏറ്റവും സ്വാധീനമുള്ള പ്രദേശമാണ് കിഴക്കൻ ഉത്തർ പ്രദേശ്. 

കിഴക്കൻ ഉത്തർ പ്രദേശിൽ തിരിച്ചുവരവിനുള്ള വഴിയായാണ് കോൺഗ്രസ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശത്തെ കാണുന്നത്. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ വരവിന്‍റെ പൊലിമ പരമാവധി കൂട്ടാനുള്ള എല്ലാ വഴികളും കോൺഗ്രസ് പ്രവർത്തകർ തേടുകയാണ്. അതുകൊണ്ടുതന്നെ നാൽപ്പതിലേറെ ലോക്സഭാ സീറ്റുകളുള്ള കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതല പ്രിയങ്കയ്ക്ക് നൽകുന്നത് ചെറിയ ഉത്തരവാദിത്തവുമല്ല. ഇന്നത്തെ റാലിക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് പ്രിയങ്ക ഉടൻ തിരിച്ചുപോകില്ലെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത മൂന്ന് ദിവസം കിഴക്കൻ യുപിയിൽ ഉടനീളം സഞ്ചരിച്ച് വിവിധ യോഗങ്ങളിൽ പങ്കെടുക്കാനും സംഘടനാസംവിധാനം ശക്തമാക്കാനുമാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.