ലക്നൗ: വാരണസി അടക്കമുള്ള കിഴക്കൻ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റാലിയാണ് യുപിയില്‍ നടക്കുന്നത്. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും നയിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. 

ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാന നഗരമായ ലക്നൗവിലാണ് പ്രിയങ്കയുടെ റാലി. ലക്നൗ വിമാനത്താവളത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അവസാനിക്കുന്ന റാലിയുടെ വിശദാംശങ്ങൾ രാഹുല്‍ ട്വീറ്റ് ചെയ്തു. സഹോദരിക്കൊപ്പം റാലിയിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറൻ യുപിയുടെ ചുമതലക്കാരനായ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ സ്വീകരണം നല്‍കാന്‍ യുപിയിലെ കോണ്‍ഗ്രസ് ആസ്ഥാനവും ഒരുങ്ങി കഴിഞ്ഞു. 

37 ഇടങ്ങളിലാണ് ഇരുവര്‍ക്കും സ്വീകരണം നല്‍കുന്നത്. വിമാനത്താവളം മുതൽ പി സി സി ആസ്ഥാനം വരെ റോഡ് ഷോയും തുടര്‍ന്ന് പ്രിയങ്കയും സിന്ധ്യയും പാര്‍ട്ടി പ്രവര്‍ത്തകരുമായും വിവിധ സംഘടനാ നേതാക്കളുമായും മൂന്നു ദിവസം ചര്‍ച്ചയും നടത്തും. പ്രിയങ്ക ഫാക്ടറിൽ യുപിയിലെ പകുതി സീറ്റും ജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. 

അതേസമയം പ്രിയങ്കയുടേത് റോഡ് ഷോ അല്ലെന്നും 'ചോര്‍ ഷോ' (കള്ളന്മാരുടെ ഷോ) ആണെന്നും ഉത്തര്‍പ്രദേശ് മന്ത്രി എസ് എന്‍ സിംഗ് പറഞ്ഞു. റാലിയില്‍ ലക്നൗവിലെ ജനങ്ങള്‍ക്ക് അഴിമതിക്കാരായവരുടെ മുഖം കാണാമെന്നും അദ്ദേഹം പറഞ്ഞു.