മക്കൾ രാഷ്ട്രീയത്തിനെതിരെ ഒരു കാലത്ത് എതിര്‍പ്പുയര്‍ന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അത് സാധാരണമായി. മത്സരിക്കാൻ താൽപര്യം തൃശൂരാണെന്നും പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പദ്മജ വേണുഗോപാൽ 

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് പദ്മജ വേണുഗോപാൽ. അവസരം കിട്ടിയാൽ തൃശ്ശൂരാണ് താൽപര്യമെന്നും സമൂഹ മാധ്യമങ്ങളിൽ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വരുന്ന വാര്‍ത്തകളിൽ സന്തോഷമുണ്ടെന്നും പദ്മജ വേണുഗോപാൽ പറയുന്നു. മക്കള് രാഷ്ട്രീയത്തിനെതിരെ ഒരു കാലത്ത് എതിര്‍പ്പുയര്‍ന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അത് സാധാരണമായിരിക്കുകയാണെന്നും പത്മജ വേണുഗോപാൽ പറ‌ഞ്ഞു. 

ലീഡര്‍ കെ കരുണാകരൻറെ മരണത്തോടെ ആളൊഴിഞ്ഞ തൃശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരം തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സജീവമായിട്ടുണ്ട്.പത്മജ വേണുഗോപാല്‍ എത്തിയതോടെ ലീഡറുടെ പഴയ അടുപ്പക്കാരെല്ലാം മുരളീമന്ദിരത്തിയിട്ടുണ്ട് 

മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് കലാപം രൂക്ഷമായിരിക്കെയാണ് പത്മജ വേണുഗോപാല്‍ 2004ല്‍ മുകുന്ദപുരത്ത് മത്സരിക്കാനെത്തിയത്.അന്നത്തെ തോല്വിക്കുളള ഒരു കാരണം മക്കള്‍ രാഷ്ട്രീയത്തോടുളള എതിര്‍പ്പായിരുന്നെങ്കില്‍ ഇന്ന് സാഹചര്യം മാറിയെന്നാണ് പത്മജ പറയുന്നത്.

2004ല്‍ മുകുന്ദപുരം ലോകസഭ മണ്ഡ‍ലത്തിലും 2016ല്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തിലേക്കും മത്സരിച്ചപ്പോള് സംസ്ഥാനത്ത് യുഡിഎഫ് വിരുദ്ധ തരംഗമായിരിന്നു. ഇത്തവണ യുഡിഎഫിന് എല്ലാം കൊണ്ടും അനുകൂലമാണെന്നും പത്മജ പറഞ്ഞു.