തൃശൂർ: ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഴുത്തുകാരി സാറ ജോസഫ്. ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യമായെന്നും സാറ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡ‍ലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സാറ ജോസഫ്.

ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്. 44638 വോട്ടാണ് സാറ ജോസഫ് നേടിയത്. നിരവധി ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിയാൻ പ്രചാരണസമയത്ത് കഴിഞ്ഞു. എന്നാല്‍ ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് സാറ ജോസഫ് പറയുന്നു.

കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായത്. പിന്നീട് ചില നേതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സാറ ജോസഫ് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വെക്കുകയായും ആംആദ്മി പാര്‍ട്ടിയുമായുളള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയുമായിരുന്നു. സി പി എമ്മുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സാറ ജോസഫ് ആംആദ്മിയില്‍ ചേര്‍ന്നപ്പോളും പാര്‍ട്ടിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.