ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ കഴിഞ്ഞ ആംആദ്മി പാർട്ടി നാളെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിക്കും.

അഹമ്മദാബാദ് : സർവെകൾ ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും മോർബി പാലം ദുരന്തം തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് ഗുജറാത്തിൽ ബിജെപി. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ കഴിഞ്ഞ ആംആദ്മി പാർട്ടി നാളെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിക്കും. ആപ്പിന്‍റെ പ്രകടനം സംസ്ഥാനത്തെ കോൺഗ്രസ് വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കാനാണ് സാധ്യത. 

പട്ടേൽ സമരം, ജിഎസ്ടി നടപ്പാക്കിയതിലെ വ്യാപാരികളുടെ വിരോധം, കർഷക ആത്മഹത്യകൾ അങ്ങനെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. അതെല്ലാം അതിജീവിച്ച് വന്ന ബിജെപിക്ക് അഞ്ച് വ‌ർഷത്തിനിപ്പുറം അത്തരം ഭീഷണികളൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും മറ്റൊരു പേര് പാർട്ടി പരിഗണിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ എണ്ണമറ്റ വമ്പൻ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാനത്തേക്ക് വികസനം ഒഴുകുകയാണെന്ന പ്രതീതി ഉണ്ടാക്കി. ഏക സിവിൽ കോഡ് പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ അനുകൂല ചർച്ചയായി മാറുമെന്ന് കൂടി കണക്ക് കൂട്ടവേയാണ് മോർബിയിൽ വൻ ദുരന്തം ഉണ്ടായത്. പാലം നിർമ്മാണത്തിലെ അടിമുടി അഴിമതിയും പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദർശനം ഉണ്ടാക്കിയ വിവാദവും ബിജെപി ക്യാമ്പിനെ ഇതിനോടകം ആശങ്കയിലാക്കിയിട്ടുണ്ട്.

ഗുജറാത്ത് അങ്കം: തെരഞ്ഞെടുപ്പ് 2 ഘട്ടമായി, ഡിസംബര്‍ 1, 5 തിയതികള്‍ വോട്ടെടുപ്പ്, 8 ന് വോട്ടെണ്ണല്‍

മുഖ്യ പ്രതിപക്ഷം കോൺഗ്രസ് ആണെങ്കിലും 'ആപ്പാണ്' തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയോട് നേർക്കുനേർ നിൽക്കുന്നത്. ഗുജറാത്ത് ദില്ലി വികസന മാതൃകൾ തമ്മിലുള്ള താരതമ്യമായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആദ്യ ഘട്ടത്തിൽ ആയുധമാക്കിയതെങ്കിൽ പിന്നീൽ ഹിന്ദുത്വ ലൈനിലേക്ക് മാറുന്നത് കണ്ടു. കറൻസിയിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യവും അദ്ദേഹം ഉയ‍ർത്തി. ബിജെപി ഹിന്ദുത്വ മാതൃക പിന്തുടരുന്നുവെന്ന വിമർശനം കോൺഗ്രസ് അടക്കം ഇതിനോടകം ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എക്കാലവും 40 ശതമാനം വോട്ടെങ്കിലും കിട്ടുന്ന കോൺഗ്രസിന് ആപ്പിന്‍റെ വരവ് ക്ഷീണമാവുമെന്നാണ് പ്രവചനം. നേതാക്കളുടെ കൊഴിഞ്ഞ് പോക്കും പട്ടേൽ സമുദായം അകന്നതും ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിയാവും.2002 ൽ നേടിയ 127 സീറ്റാണ് ബിജെപിക്ക് സംസ്ഥാനത്ത് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. അത് മറികടക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷയും സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. 

ആകാംക്ഷകൾക്ക് ഒടുവിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4.9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51,782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.