പാറ്റ്ന: നെറ്റിയിൽ ഭസ്മ കുറിയും പ്രചരണ വേദികളിൽ പുല്ലാങ്കുഴൽ വായനയും ശംഖ് മുഴക്കലുമൊക്കെയായി ഏറെ വ്യത്യസ്ഥനാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകൻ തേജ് പ്രതാപ് യാദവ്. തനിക്ക് സ്വന്തം ശൈലിയുണ്ടെന്നും ഗുരു ലാലു പ്രസാദ് യാദവാണെന്നുമാണ് ഈ രീതികളെ കുറിച്ചുള്ള ചോദ്യത്തിന് തേജ് പ്രതാപിന്‍റെ പ്രതികരണം. 

അതേസമയം ലാലു പ്രസാദ് യാദവിനോടുള്ള രാഷ്ട്രീയ പകപോക്കലിനുള്ള മറുപടി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബീഹാര്‍ ജനത നൽകുമെന്ന് തേജ്പ്രതാപ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നരേന്ദ്ര മോദിക്ക് ഒരു പഴുതുപോലും ഇത്തവണ ബീഹാറിൽ കിട്ടില്ലെന്നും തേജ് പ്രതാപ് യാദവ് വ്യക്തമാക്കി.

സിബിഐയെയും എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റിനെയും ഉപയോഗിച്ച് ഗൂഢാലോചന നടത്തി ലാലുപ്രസാദ് യാദവിനെ കുടുക്കിയതാണ്. കാലിത്തീറ്റ അഴിമതി കേസിൽ ലാലു പ്രസാദ് യാദവ് ജയിലിലായത് നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്‍റേയും ഗൂഡാലോചനയാണ്. ഇത് ജനങ്ങൾക്ക് നന്നായി അറിയാം. അത് പ്രധാന വിഷയമായി തെരഞ്ഞെടുപ്പിൽ ഉയര്‍ത്തും.

ജെഡിയു ബിജെപിക്കൊപ്പം പോയത് മഹാസഖ്യത്തെ ബാധിക്കില്ലെന്നും തേജ് പ്രതാപ് പറയുഞ്ഞു. ഇത്തവണ ഡിജിറ്റൽ സംവിധാനങ്ങളൊക്കെയുള്ള സ്റ്റേജാണ് ആര്‍ജെഡി പ്രചരണത്തിനായി ഒരുക്കുന്നത്. കമാന്‍റോ സുരക്ഷക്ക് പുറമെ ബൗണ്‍സര്‍മാരുമായാണ് തേജ് പ്രതാപ് പ്രചരണ വേദികളിലേക്ക് എത്തുന്നത്. ഇതേചൊല്ലിയുള്ള വിവാദങ്ങള്‍ ബീഹാറിൽ തുടരുകയാണ്.