തൃക്കാക്കരയിൽ സിപിഎം പോപ്പുലർ ഫ്രണ്ട് ധാരണയെന്ന് പ്രതിപക്ഷ നേതാവ്; മുൻ മന്ത്രിമാർ പോപ്പുലർ ഫ്രണ്ടുമായി ചർച്ച നടത്തി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് വി.ഡി.സതീശൻ. പ്രചാരണം പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. യുഡിഎഫിന്റെ വോട്ട് കൂടും. വലിയ പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു കള്ളവോട്ട് പോലും തൃക്കാക്കരയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവർ, വിദേശത്തുള്ളവർ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ട് ചെയ്യുന്നത് സി.പി.എം ആണെന്ന് എല്ലാവർക്കും അറിയാം. കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
കേരളത്തിൽ സ്ത്രീ സുരക്ഷ അപകടത്തിലായിരുക്കുകയാണെന്ന് വി.ഡി.സതീശൻ ആരോപിച്ചു. ഇടുക്കിയിൽ പതിനഞ്ചുകാരിക്ക് ഉണ്ടായ ദുരവസ്ഥ കേൾക്കുമ്പോൾ നെഞ്ചു പിളരുന്നു.
വർഗീയ കക്ഷികളെ അഴിഞ്ഞാടാൻ അനുവദിക്കുകയാണ് സംസ്ഥാനത്ത്. പോപ്പുലർ ഫ്രണ്ട് മാർച്ചിന് എന്തിന് അനുമതി നൽകിയെന്നും സതീശൻ ചോദിച്ചു. തൃക്കാക്കരയിൽ വോട്ടുറപ്പിക്കാൻ വേണ്ടിയാണ് ആലപ്പുഴ റാലിക്ക് അനുമതി നൽകിയത്. സിപിഎമ്മുമായി പോപ്പുലർ ഫ്രണ്ടിന് ധാരണയുണ്ട്. മുൻ മന്ത്രിമാർ പോപ്പുലർ ഫ്രണ്ടുമായി ചർച്ച നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
