Asianet News MalayalamAsianet News Malayalam

അഞ്ചിലങ്കത്തിൽ തവിടു പൊടി; ആരുടെ കയ്യിലാണ് കോൺ​ഗ്രസിൻ്റെ ഭാവി?

ഭരണത്തിലിരുന്ന് വേരൂന്നിയ ബിജെപിയെന്ന വടവൃക്ഷത്തെ തെല്ലനക്കാനെങ്കിലും മുന്നിൽ നിന്ന് നയിക്കാമെന്ന് കോൺഗ്രസിന് ഇനിയും പറയാനാകുമോ?വീണ്ടും വീണ്ടും തോൽക്കുന്നൊരു പാർട്ടിയുടെ പിന്നിൽ അണിനിരക്കാൻ അവരോടൊപ്പമുളളവരും മടിക്കും.

What is the future of congress
Author
Panaji, First Published Mar 10, 2022, 3:41 PM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസിന്. ഭരിച്ചതിൻറെയും നയിച്ചതിൻറെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാർട്ടിയായി ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാതാകുന്നു കോൺഗ്രസ്.

പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് പാർട്ടി പ്രസിഡന്റ് ഉയർത്തിയ പാർട്ടി പതാക താഴേക്ക് പതിച്ചത് കോൺഗ്രസിന്റെ വർത്തമാനകാല യാഥാർത്ഥ്യമെന്ന് കളിയാക്കിയവരുണ്ട്. അഞ്ചിലങ്കം കഴിയുമ്പോൾ അതൊന്നുകൂടി അച്ചട്ടാകുന്നു.ഉലയുന്ന കൊടിമരവും ഊർന്നുവീഴുന്ന പതാകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ പാർട്ടിയുടെ അടയാളമാകുന്നു. 

ഭരണത്തിലിരുന്ന് വേരൂന്നിയ ബിജെപിയെന്ന വടവൃക്ഷത്തെ തെല്ലനക്കാനെങ്കിലും മുന്നിൽ നിന്ന് നയിക്കാമെന്ന് കോൺഗ്രസിന് ഇനിയും പറയാനാകുമോ?വീണ്ടും വീണ്ടും തോൽക്കുന്നൊരു പാർട്ടിയുടെ പിന്നിൽ അണിനിരക്കാൻ അവരോടൊപ്പമുളളവരും മടിക്കും. ബഹുസ്വര ഇന്ത്യയുടെ കാവലിന് കോൺഗ്രസ് തന്നെ വേണമെന്ന തോന്നൽ സ്റ്റാലിനും പവാറുമെല്ലാം മറക്കുക കൂടി ചെയ്താൽ പൂർണം. വിശാല പ്രതിപക്ഷ ഐക്യത്തിന് തന്നെ ചിതയൊരുക്കുന്ന വീഴ്ചയാകുന്നു കോൺഗ്രസിൻറേത്.

എന്തിലൂന്നണം, എങ്ങനെ വോട്ടുചോദിക്കണം എന്നതിൽ കോൺഗ്രസിൻറെ ധാരണകളൊക്കെ തെറ്റി. അടവുമാറ്റങ്ങൾ ജനം തളളി. ഭരണവിരുദ്ധ വികാരത്തിൻറെ ആനുകൂല്യം മുതലെടുക്കാനായില്ല. തലമാറ്റ പരീക്ഷണങ്ങളിൽ, കയ്യിലുളളതും പോയി.സംഘടനാപരമായും രാഷ്ട്രീയമായും എത്രത്തോളം ദയനീയമാണ് കോൺഗ്രസിൻറെ അവസ്ഥയെന്ന് ഒരു തെരഞ്ഞെടുപ്പ് കൂടി സാക്ഷ്യപ്പെടുത്തുന്നു.

നയിക്കാനാളില്ലെന്നും വെറും ആൾക്കൂട്ടമെന്നും അകത്തുനിന്നുതന്നെയുളള ഒച്ചപ്പാടുകളെ ഇനിയും കേൾക്കാതെ പോകാനാകില്ല കോൺഗ്രസിന്. വിമർശിച്ചിട്ടെന്ത് കാര്യമെന്ന തോന്നലിൽ 23 നേതാക്കൾ പിന്മാറുക പോലും ചെയ്യാം. അതാണവസ്ഥ. ഇപ്പോൾ തന്നെ തമ്മിലടിയുടെ ഗോദയാണ് ഭരണമുളള രാജസ്ഥാനും ഛത്തീസ്ഗഡും. അവിടെയും കുഴപ്പങ്ങളാകാം.

കണക്കിൽ കോൺഗ്രസിൻറെ ആസ്തി 682 കോടിയാണ്. ഇതിൻറെ നാലിരട്ടിയുണ്ട് ബിജെപിയ്ക്കിപ്പോൾ. അതിവേഗം മണ്ണൊലിച്ചുപോകുന്ന പാർട്ടിക്ക് പണംവരവ് ഇനിയും കുറയാം. പ്രതിസന്ധിയുടെ ആഴം കൂടാം.

ബിജെപിയിലേക്കും മറ്റിടങ്ങളിലേക്കുമുളള റിക്രൂട്ട്മെൻറ് ഏജൻസിയെന്ന ചീത്തപ്പേര് ഇനിയും കേൾക്കണം കോൺഗ്രസ്. ചാക്കിലാകാൻ മടിക്കാത്തവർക്കാണ് അഞ്ചിലങ്കത്തിലും പാർട്ടിയുടെ വിധിയെഴുതിയതിൽ അധിക പങ്ക്. ഇല കൊഴിയുന്ന മരമാണ്, തോൽവിയുടെ ശിശിരകാലം മാറാതിരിക്കുന്ന കോൺഗ്രസ്. ഇന്ത്യയുടെ ഭാവി കോൺഗ്രസിൻറെ കൈകളിലെന്ന് പറയുന്നവരുണ്ട്. കോൺഗ്രസിൻറെ ഭാവി ആരുടെ കയ്യിലാണ്?

Follow Us:
Download App:
  • android
  • ios