നിലവില്‍ പതിനേഴ് കക്ഷികളുടെ മഹാസഖ്യമുണ്ടാക്കിയാണ് സിപിഎം മത്സരിക്കുന്നത്. ഇതേ മാതൃകയില്‍ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ചില മണ്ഡലങ്ങളില്‍ അവരുമായി ധാരണയുണ്ടാക്കി മത്സരിക്കാം എന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം

ദില്ലി: ബ്രിഗേഡ് മൈതാനിയിലെ സമ്മേളനം വലിയ വിജയമായത് സിപിഎം ബംഗാള്‍ ഘടകത്തില്‍ കാര്യമായ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ പതിനേഴ് കക്ഷികളുടെ മഹാസഖ്യമുണ്ടാക്കിയാണ് സിപിഎം മത്സരിക്കുന്നത്. ഇതേ മാതൃകയില്‍ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ചില മണ്ഡലങ്ങളില്‍ അവരുമായി ധാരണയുണ്ടാക്കി മത്സരിക്കാം എന്നാണ് ബംഗാള്‍ ഘടകം വാദിക്കുന്നത്.

34 വർഷം നീണ്ട ഇടതുഭരണത്തിനാണ് 2011ലെ നിയമസഭാതെരഞ്ഞെടുപ്പിൽ അന്ത്യമായത്. 2011ല്‍ ഇടതുഭരണത്തിന് അന്ത്യം കുറിച്ച മമത 2016ല്‍ കൂടുതല്‍ കരുത്ത് കാണിച്ചാണ് അധികാരത്തില്‍ തുടര്‍ന്നത്. 2011ൽ കോൺഗ്രസുമായി സഖ്യംചേർന്ന് മത്സരിച്ച തൃണമൂലിന് കിട്ടിയത് 184 സീറ്റായിരുന്നു. 2016ല്‍ കോൺഗ്രസ് ഇടത് സഖ്യത്തോട് 2016ൽ ഒറ്റയ്ക്ക് ഏറ്റുമുട്ടിയ തൃണമൂൽ 294ൽ 211 സീറ്റും നേടി.1998ൽ രൂപീകൃതമായ തൃണമൂൽ കോൺഗ്രസ് ഇന്ന് സംസ്ഥാനത്ത് വലിയ ശക്തിയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മമത ബാനർജിയും മാറി. 

പശ്ചിമബംഗാളിൽ ചില സീറ്റുകളിൽ നീക്കുപോക്കിനുള്ള സാധ്യതയാണ് സിപിഎമ്മും കോൺഗ്രസും തുറന്നിട്ടിരിക്കുന്നത്. തൃണമൂലുമായി സഖ്യമില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ചില സീറ്റുകളിൽ ഇടതുമുന്നണിക്ക് പുറത്തുള്ള പാർട്ടികൾക്ക് വോട്ടു ചെയ്യാമെന്ന് സിപിഎം പിബി തീരുമാനിച്ചിട്ടുണ്ട്. അന്തിമപ്രഖ്യാപനം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം നടക്കുമെന്നാണ് സൂചന.