കൊച്ചി: യുഡിഎഫ് കോട്ടയായ എറണാകുളം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലേക്ക് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് നടി റിമ കല്ലിങ്കലിന്‍റേത്. എന്നാൽ മത്സരരംഗത്തേക്കില്ലെന്ന് റിമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എറണാകുളം ലോക്സഭാമണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കാൻ സിപിഎമ്മിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കെ വി തോമസിനെപ്പോലെ ശക്തനായ എതിരാളിയെ നേരിടാൻ പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാർത്ഥികളെയോ സിനിമയിൽ നിന്നുള്ള പ്രമുഖരെയോ രംഗത്തിറക്കുമെന്ന വാർത്തകൾ സജീവമാണ്. അതിൽ തന്നെ ഉയർന്നുകേൾക്കുന്ന പേരുകളിൽ ഒന്നാണ് റിമ കല്ലിങ്കൽ.

ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും വനിതാ മതിൽ അടക്കമുള്ള പരിപാടികളിൽ റിമയും ഭർത്താവ് ആഷിഖ് അബുവും പങ്കെടുക്കുകയും ചെയ്തതോടെയാണ് റിമയുടെ പേര് സജീവ ചർച്ചയായത്. എന്നാൽ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ റിമയുടെ മറുപടി ഇതായിരുന്നു.

''അതൊക്കെ വെറുതെ പറയുന്നതാണെന്നേ'' എന്നായിരുന്നു റിമയുടെ മറുപടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ താരസംഘടനയായ അമ്മക്കെതിരെ ഡബ്ല്യുസിസിയിലൂടെ ആഞ്ഞടിച്ചാണ് റിമ പൊതുരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിപിഎം പാർട്ടി നേതാക്കൾക്കും അണികൾക്കും സ്വീകാര്യയായ വ്യക്തി കൂടിയാണ് റിമ കല്ലിങ്കൽ. മത്സരിക്കാനില്ലെന്ന് റിമ പറഞ്ഞെങ്കിലും സിപിഎം നേതൃത്വത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി മത്സരരംഗത്തിറങ്ങുമോ എന്നാണ് വരും ദിവസങ്ങളിൽ അറിയേണ്ടത്.