'ബംഗാൾ മോഡൽ' സഹകരണത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത; മുല്ലപ്പള്ളിയെ തള്ളി കെ മുരളീധരൻ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Feb 2019, 11:36 PM IST
will not cooperate with cpm in kerala in bengal model says k muraleedharan
Highlights

പ്രധാന എതിരാളി ബിജെപിയാണെന്ന് പ്രഖ്യാപിച്ച് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയ ഉമ്മൻചാണ്ടിയുടെ അരുവിക്കര തന്ത്രമാണ് മുല്ലപ്പള്ളി പയറ്റിയത്. ഇതിനെ പരിഹസിക്കുകയാണ് സിപിഎം.

തിരുവനന്തപുരം: കേരളത്തിലും ബംഗാൾ മോഡലിൽ സിപിഎമ്മുമായി സഹകരിക്കാമെന്ന കെപിസിസി അധ്യക്ഷന്‍റെ നിലപാട് തള്ളി പാർട്ടി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ. സംസ്ഥാനത്ത് ബിജെപിയെ തോല്പിക്കാൻ കോൺഗ്രസ്സിന് സിപിഎമ്മിന്‍റെ ഒരു സഹായവും വേണ്ടെന്നും ഇവിടെ മുഖ്യശത്രു സിപിഎം തന്നെയാണെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുല്ലപ്പള്ളി സിപിഎം സംസ്ഥാന ഘടകത്തിന് മുന്നിൽ വെച്ച 'ബംഗാൾ മോഡൽ ധാരണ' എന്ന വാഗ്ദാനം ഇതിനകം വലിയ രാഷ്ട്രീയ ചർച്ചയായി. പ്രധാന എതിരാളി ബിജെപിയാണെന്ന് പ്രഖ്യാപിച്ച് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയ ഉമ്മൻചാണ്ടിയുടെ അരുവിക്കര തന്ത്രമാണ് മുല്ലപ്പള്ളി പയറ്റിയത്. ന്യൂനപക്ഷ വോട്ട് സമാഹരണം തന്നെയായാണ് പ്രധാന ലക്ഷ്യം.

പക്ഷേ, ഇത് ബിജെപിക്ക് നല്ല വടി കൊടുത്തതാകുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്. ബംഗാളിലെ സഖ്യനീക്കം തന്നെ ബിജെപി ആയുധമാക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് കൂടുതൽ സമ്മർദ്ദത്തിലാകില്ലേ എന്ന ചോദിക്കുന്ന പാർട്ടി നേതാക്കൾക്കൊപ്പമാണ് കെ.മുരളീധരൻ.

''ഇവിടെ യുഡിഎഫ് - എൽഡിഎഫ് മത്സരമേ ഉള്ളൂ. ബിജെപിക്ക് ആകെ പ്രതീക്ഷ വയ്ക്കാനാകുന്നത് തിരുവനന്തപുരവും പത്തനംതിട്ടയുമായിരിക്കും. അവിടെ മത്സരമേ കാഴ്ച വയ്ക്കാനാകൂ. ജയിക്കാനൊന്നും പോകുന്നില്ല. അങ്ങനെയൊരു ബിജെപിയെ തോൽപിക്കാൻ ഞങ്ങൾക്കെന്തിനാണ് സിപിഎം?''

പിന്നെയെന്തിനാകും മുല്ലപ്പള്ളിയുടെ ആ പ്രസ്താവന എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: "ഏത് സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നറിയില്ല.''

കെപിസിസി അധ്യക്ഷനും പ്രചാരണവിഭാഗം തലവനും രണ്ടഭിപ്രായം പറഞ്ഞതോടെ കോൺഗ്രസിലാകെ ആശയക്കുഴപ്പമായി. കോൺഗ്രസ്സിന്‍റെ ശക്തിക്ഷയത്തിലൂന്നി പരിഹസിച്ചായിരുന്നു എം എ ബേബിയുടെ മറുപടിയും.

കോൺഗ്രസ്സും സിപിഎമ്മും പരസ്പരം ബിജെപി രഹസ്യബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും മുഖ്യശത്രു ആരെന്ന ചോദ്യവും ഉന്നയിക്കുമ്പോഴും ബിജെപി സന്തോഷിക്കുന്നു. കേരള രാഷ്ട്രീയ ബിജെപി കേന്ദ്രീതമായി മാറിയെന്നാണ് പി എസ് ശ്രീധരൻപിള്ളയുടെ പ്രതികരണം.

loader