Asianet News MalayalamAsianet News Malayalam

ശരത് പവാർ ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോൾ ഫലം

'ശരത് പവാർ പ്രധാനമന്ത്രിയാകുമോ?' എന്ന ചോദ്യം ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പോളിൽ 4200 പേരാണ് വോട്ട് ചെയ്തത്. 

Will Sharad Pawar be the next Indian Prime Minister? Asianet news face book poll result
Author
Thiruvananthapuram, First Published Feb 7, 2019, 8:32 PM IST

ഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ 'കോന്‍ ബനേഗാ പിഎം' പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ശരത് പവാറിന്‍റെ സാധ്യതകൾ പ്രേക്ഷകരുടെ മുമ്പാകെ ചർച്ചക്ക് വച്ചു. ഫേസ്ബുക്ക് പോളിൽ ഇന്ന് ഞങ്ങള്‍ ചോദിച്ചത് ഈ ചോദ്യമാണ്. സമവായ സർക്കാരിൽ സമ്മതനാകുമോ പവാർ? ശരത് പവാർ പ്രധാനമന്ത്രി ആകുമോ?

പവാർ എന്ന പഴയ പടക്കുതിര

രാജീവ് ഗാന്ധി വധത്തിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ നരസിംഹറാവുവിനും എൻ ഡി തിവാരിക്കുമൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് ശരത് പവാർ. പിന്നീട് പാർട്ടി പ്രസിഡന്‍റ് പദത്തിനായി സീതാറാം കേസരിയോടും പോരാടി. അടുത്ത പ്രധാനമന്ത്രിപദം സോണിയയിലേക്ക് പോകുമെന്ന് തോന്നിയപ്പോൾ ഇന്ത്യാക്കാരാവണം ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിട്ട് എൻസിപി ഉണ്ടാക്കി. 2019 പവാറിനെ പ്രധാനമന്ത്രിക്കസേരയിലെത്തിക്കുമോ? 

ഇനിയും ഒരങ്കത്തിന് ബാല്യം ബാക്കി?

പ്രധാനമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള കളിയിൽ ശരദ് പവാർ ഇനിയും കളമുപേക്ഷിച്ചിട്ടില്ല. മകൾ സുപ്രിയ സുലയെയും മരുമകൻ അജിത് പവാറിനെയും രാഷ്ട്രീയ അനന്തരാവകാശികൾ ആക്കിയെങ്കിലും പവാർ കടിഞ്ഞാൺ കൈവിട്ടിട്ടില്ല. പ്രതിപക്ഷ ഐക്യനീക്കത്തിന്‍റെ മുൻനിരയിൽ ഇപ്പോൾ പവാറുമുണ്ട്. 

അടവുകളുടെ ആശാനായ ശരത് പവാറിനെ ആശ്രയിച്ചാണ് ബിജെപി വിരുദ്ധചേരി പുതുതന്ത്രങ്ങൾ പലതും രൂപപ്പെടുത്തുന്നത്. ചന്ദ്രബാബു നായിഡുവും അരവിന്ദ് കെജ്‍രിവാളും ഫറൂഖ് അബ്ദുള്ളയും മമതയുടെ പ്രതിനിധിയായി ഡെറക് ഒബ്രിയനുമൊക്കെ കഴിഞ്ഞ ദിവസം പവാറിന്‍റെ വീട്ടിൽ എത്തിയത് അതിവേഗ നീക്കങ്ങൾക്ക് കളമൊരുക്കാനാണ്. ബിജെപിയോ, കോൺഗ്രസോ നേതൃത്വം നൽകാത്ത ഒരു സർക്കാരാണ് വരുന്നതെങ്കിൽ പവാറിനെ പരിഗണിക്കുമോ? എണ്ണം കൊണ്ട് എങ്ങുമെത്തില്ലെങ്കിലും സമവായ സർക്കാരിൽ സമ്മതനാകുമോ പവാർ?

ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോൾ ഫലം

ശരത് പവാർ പ്രധാനമന്ത്രിയാകുമോ? എന്ന ചോദ്യം ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പോളിൽ 4200 പേരാണ് വോട്ട് ചെയ്തത്. 95 ശതമാനം മലയാളികളും ശരത് പവാർ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവില്ല എന്ന മറുപടിയാണ് നല്‍കിയത്. അഭിപ്രായം രേഖപ്പെടുത്തിയവരിൽ വെറും 5 ശതമാനം പേര്‍ മാത്രമാണ് ശരത് പവാർ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത്.

പവാർ അത്ര സിംപിളല്ല, പവർഫുളാണ്

തെരഞ്ഞെടുപ്പ് ഗോദയിൽ തന്ത്രങ്ങൾ മെനയുന്നതിൽ പവാർ പവർഫുളാണ്. ഇത്തവണ തെരഞ്ഞെടുപ്പ് റാലികൾക്ക് പവാർ തുടക്കമിട്ടത് 2014ൽ ബിജെപി പ്രചാരണം തുടങ്ങിയ റെയ്‍ഗഡ് കോട്ടയിൽ നിന്നാണ്. ഛത്രപതി ശിവജിയുടെ അനുഗ്രഹം തേടിയുള്ള തുടക്കമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് അംബേദ്‍കർ ദളിതർക്കായി തുറന്നുകൊടുത്ത തടാകത്തിലേക്കായിരുന്നു പവാറിന്‍റെ യാത്ര. മഹാരാഷ്ട്ര മുഖ്യമന്ത്രിയും കേന്ദ്രകൃഷിമന്ത്രിയും ഒക്കെ ആയിരുന്നിട്ടും കർഷകരുടെ ദുരിതങ്ങൾക്ക് കൈത്താങ്ങാവാൻ പവാറിന്‍റെ പരിവാറിനും ആയിരുന്നില്ല. പക്ഷെ, കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തായതിനാൽ പവാറിന് ഇപ്പോൾ അധികാരത്തിൻറെ ബാധ്യതകളില്ല. അതുകൊണ്ട് നീറിപുകയുന്ന കർഷക രോഷം ആളിക്കത്തിക്കുക തന്നെയാണ് പവാറിന്‍റെ പ്രചാരണ തന്ത്രം. ആറ് പതിറ്റാണ്ട് പയറ്റിത്തെളിഞ്ഞ പവാറിന്‍റെ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കാം.

Follow Us:
Download App:
  • android
  • ios