ദില്ലി: പ്രതിപക്ഷത്തിന്‍റെ ഐക്യം ഊട്ടിയുറപ്പിച്ച് ദില്ലിയിൽ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരവേദി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവരെത്തിയ വേദിയിലേക്ക് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും എത്തിയത് ശ്രദ്ധേയമായി. മഹാരാഷ്ട്രയിലുൾപ്പടെ ശിവസേനയുമായുള്ള പടലപ്പിണക്കത്തിന്‍റെ മഞ്ഞുരുക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ശിവസേനയുടെ ഈ നീക്കം. ദില്ലിയിലെ ആന്ധ്രാഭവനിലാണ് ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരം നടക്കുന്നത്.

'മോദി പാകിസ്ഥാൻ പ്രധാനമന്ത്രിയെപ്പോലെ'യെന്ന രൂക്ഷവിമർശനം ഉയർത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമരവേദിയിൽ സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സഞ്ജയ് റാവത്ത് സമരവേദിയിലെത്തിയത്. ഇപ്പോഴും ശിവസേനയ്ക്ക് ബിജെപിയോടുള്ള അതൃപ്തി മാറിയിട്ടില്ലെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്.

വാഗ്ദാന ലംഘനം നടത്തിയ പ്രധാനമന്ത്രി ആന്ധ്രയിലെത്തി ജനങ്ങളെയും സർക്കാരിനെയും അപമാനിച്ചെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. ആന്ധ്രയ്ക്കു നൽകാതെ അംബാനിക്ക് പണം നൽകുകയാണ് മോദിയെന്ന് പറഞ്ഞ രാഹുൽ ഗാന്ധി വീണ്ടും 'ചൗക്കീദാർ ചോർ ഹേ' മുദ്രാവാക്യം മുഴക്കി. 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എൻസി അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള, എൻ,സിപി നേതാവ് മജീദ് മേമൺ, തൃണമൂൽ നേതാവ് ഡെറക് ഒബ്രയാൻ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, എസ്‍പി അധ്യക്ഷൻ മുലായം സിംഗ് യാദവ് എന്നിങ്ങനെ പ്രതിപക്ഷ നേതൃനിരയിലെ നിരവധി നേതാക്കൾ നായിഡുവിന് പിന്തുണയുമായെത്തി.

ആന്ധ്രയ്ക്ക് പ്രത്യേകപദവി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ദില്ലിയിലെ ആന്ധ്രാഭവന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്. 2014- തെലങ്കാന, ആന്ധ്ര എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിച്ചപ്പോൾ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാ‍നങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ചാണ് സമരം. 

'ധർമ പോരാട്ട ദീക്ഷ' എന്നാണ് സമരത്തിന് നായിഡു നൽകിയിരിക്കുന്ന പേര്. ഒരു ദിവസം നീണ്ടുനിൽക്കുന്ന നിരാഹാരസമരം രാത്രി എട്ട് മണി വരെയാണ്. ആന്ധ്രയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കാട്ടി നാളെ നായിഡു രാഷ്ട്രപതിയെ കണ്ട് നിവേദനവും സമർപ്പിക്കുന്നുണ്ട്.

ഇതിനിടെ, നായിഡുവിന്‍റെ സമരത്തിനായി ദില്ലിയിലെത്തിയ ഒരു ടിഡിപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. ശ്രീകാകുളം സ്വദേശിയായ ദവല അർജുൻ റാവുവാണ് ആത്മഹത്യ ചെയ്തത്. ഭിന്നശേഷിക്കാരനായ അർജുൻ റാവു സാമ്പത്തികബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ ചെയ്തത്. വീൽചെയറിലാണ് അർജുൻ റാവുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികബുദ്ധിമുട്ടുള്ളതിനാൽ വിഷം കഴിച്ച് മരിക്കുകയാണെന്ന് എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.