ദില്ലി: ഇലക്ടോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പോളിങ് ബൂത്തിൽ ബഹുജൻ സമാജ്‍‌‍വാദി പാർട്ടി (ബിഎസ്‌‍‍പി) പ്രവർത്തകന്റെ പ്രതിഷേധം. 'ബാലറ്റ് പേപ്പര്‍ കൊണ്ടുവരൂ' എന്ന മുദ്യാവാക്യമുയർത്തി ഇവിഎം മെഷീന് നേരെ പ്രവർത്തകൻ മഷിയെറിഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം.

ഇവിഎം ഒഴിവാക്കി തെര‍ഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ സംവിധാനം വരണം. അതാണ് രാജ്യത്തെ ജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോ​ഗസ്ഥർ ബലം പ്രയോ​ഗിച്ച് ബൂത്തിൽ നിന്ന് മാറ്റി.

ഇവിഎം മാറ്റി ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സിപിഎം, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ പ്രതിഷേധവുമായി ​രം​ഗത്തെത്തിയിരുന്നു. ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആവശ്യം കമ്മീഷൻ തള്ളുകയായിരുന്നു. അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Read More:വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമില്ല; പ്രതിപക്ഷ സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

വോട്ടിംഗ് മെഷീന്‍റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തെര‍ഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് ദശകമായി ഇവിഎം ആണ് ഉപയോഗിക്കുന്നതെന്നും ബാലറ്റ് പേപ്പറിലേക്ക് ഒരു തിരിച്ച് പോക്കുണ്ടാകില്ലെന്നുമായിരുന്നു മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷ്ണറുടെ വിശദീകരണം.

വോട്ടിംഗ് യന്ത്രം വഴിയുള്ള തെരഞ്ഞെടുപ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് കവാടത്തിൽ തൃണമൂൽ കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധനേടിയിരുന്നു. 'നോ ടു ഇവിഎം, യെസ് ടു പേപ്പർ ബാലറ്റ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂൽ കോൺഗ്രസ് എംപിമാരടക്കം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നത്.

Read Moreവോട്ടിംഗ് യന്ത്രങ്ങൾ ഇനി വേണ്ട: പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്

പാർലമെന്‍റിന് മുന്നിലുള്ള മഹാത്മാ​ഗാന്ധി പ്രതിമയ്ക്ക് മുന്നിൽവച്ചായിരുന്നു പ്രതിഷേധം നടത്തുന്നത്. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.