രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമന്റ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പ്രമേയത്തിലെ പരാമർശം പിൻവലിക്കുന്നതായും നേതൃത്വം വ്യക്തമാക്കി.
മലപ്പുറം: പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്‍റ് മണ്ഡലം കമ്മിറ്റിയാണ് വ്യക്തമാക്കിയത്. പ്രമേയത്തിലെ പരാമർശം പിൻവലിക്കുന്നതായും നേതൃത്വം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഖേദം പ്രകടിപ്പിക്കൽ.
പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ സംസ്ഥാന നേതൃത്വം നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് പ്രാദേശിക നേതാക്കളോട് സംസ്ഥാന നേതൃത്വം വിശദീകരണവും തേടിയിരുന്നു. യുഡിഎഫിന്‍റെ ഐക്യം തകര്‍ക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
മണ്ഡലത്തില്‍ അനായാസ വിജയം നേടണമെങ്കില്‍ ഇ ടിക്ക് പകരം പി കെ കുഞ്ഞാലിക്കുട്ടിയോ മറ്റാരെങ്കിലുമോ മത്സരിക്കണമെന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്. ഘടക കക്ഷിയുടെ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനയ്ക്കുള്ളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതികരിച്ചത്.
മലപ്പുറം ജില്ലയില്‍ പ്രാദേശികതലത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ഏറെ തര്‍ക്കങ്ങളുണ്ട്. . ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രമേയത്തെക്കുറിച്ച് ഖേദപ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് എത്തുന്നത്.
