എറണാകുളത്തിന്‍റെ ചരിത്രത്തിന്‍റെ കണക്കുകളെല്ലാം നോക്കിയാൽ എല്ലാം യുഡിഎഫിന് അനുകൂലമാണ്. ഹൈബി ഈഡന് യുവത്വവും പി രാജീവിന്‍റെ രാഷ്ട്രീയപ്രത്യയ ശാസ്ത്രവും അൽഫോൺസ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിപദവിയും വോട്ടാക്കാനാകുമോ? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു.

കെ വി തോമസിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ തുടങ്ങിയതാണ് എറണാകുളത്തെ സീറ്റിന്‍റെ പേരിലുള്ള തർക്കം. വർഷങ്ങൾക്ക് ശേഷം സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ കെ വി തോമസ് നേതൃത്വത്തിന് നേരെ കലാപക്കൊടിയുയർത്തി. പ്രതിഷേധിച്ചു. ഒടുവിൽ ഹൈക്കമാൻ‍ഡ് ഇടപെട്ട് വിഷയം തണുപ്പിച്ചു. സ്ഥലം എംഎൽഎയായ ഹൈബി ഈഡന് സ്ഥലം പരിചയക്കുറവില്ല, എറണാകുളത്തെ മുൻ എംഎൽഎയും എംപിയുമായിരുന്ന ജോർജ് ഈഡന്‍റെ മകൻ എന്നതൊക്കെ ഹൈബിയുടെ അനുകൂലഘടകങ്ങളാണ്. 

പി രാജീവിനാകട്ടെ മണ്ഡലത്തിലെ ശക്തമായ ഇടത് വോട്ട് ബാങ്കാണ് പ്രതീക്ഷ. ആഷിഖ് അബു മുതൽ ഫഹദ് ഫാസിൽ വരെ എറണാകുളത്തെ മഹാരാജാസ് - ഇടത് അനുകൂലികളായ സിനിമാക്കൂട്ടം മുഴുവൻ പി രാജീവിനൊപ്പമുണ്ട്. ബിജെപിക്കെതിരായ പ്രചാരണത്തിനൊപ്പം അഭിമന്യുവിന്‍റെ കൊലപാതകവും പി രാജീവ് പ്രചാരണവിഷയമാക്കുകയാണ്. 

മണ്ഡലം മാറി വോട്ട് ചോദിച്ചതുൾപ്പടെ നിരവധി ട്രോളുകളിറങ്ങിയെങ്കിലും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പ്രചാരണം തരിമ്പ് പോലും മോശമാക്കുന്നില്ല. നരേന്ദ്രമോദിയുമായുള്ള അടുത്ത ബന്ധമാണ് തുറുപ്പു ചീട്ട്. 

ഫലമെന്താകും? സർവേ ഫലം പറയുന്നതിങ്ങനെയാണ്. ഹൈബി ഈഡന് മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് സർവേ ഫലം. 43 ശതമാനം വോട്ട് ഹൈബി ഈഡന് കിട്ടും. 32 ശതമാനം വോട്ട് മാത്രമേ പി രാജീവിന് കിട്ടൂ. എന്നാൽ മണ്ഡലത്തിൽ മുമ്പ് പ്രവർത്തിച്ച പരിചയമില്ലാഞ്ഞിട്ട് പോലും 20 ശതമാനം വോട്ട് അൽഫോൺസ് കണ്ണന്താനത്തിന് കിട്ടുമെന്നും സർവേ ഫലം പ്രവചിക്കുന്നു. 

ഫലമിങ്ങനെ:

ഹൈബി ഈഡൻ : 43 %

പി രാജീവ് : 32 %

അൽഫോൺസ് കണ്ണന്താനം: 20 %