'രാഘവേട്ടനും' 'പ്രദീപേട്ടനും' - രണ്ട് ജനപ്രിയരുടെ പോരാട്ടമാണ് കോഴിക്കോട്ട്. ആര് ജയിക്കും? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു.

ജനപ്രിയരെ അതിരറ്റ് സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാർ. മണ്ഡലത്തിന് പുറത്ത് നിന്ന് വന്ന് കോഴിക്കോട്ടുകാരുടെ സ്നേഹം സ്വന്തമാക്കിയ എം കെ രാഘവനെതിരെ ജനപ്രിയ പദ്ധതികൾ കോഴിക്കോടിന് വേണ്ടി നടപ്പാക്കിയ എംഎൽഎ എ പ്രദീപ് കുമാറിനെയാണ് ഇടത് മുന്നണി കളത്തിലിറക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ജനപ്രിയരുടെ പോരാട്ടത്തിനിടെ, പക്ഷേ എം കെ രാഘവന് മേൽ ഇടിത്തീ പോലെയാണ് അഴിമതിയാരോപണം വന്ന് വീണത്. ഒരു ഹിന്ദി ന്യൂസ് ചാനൽ കോഴിക്കോട്ട് ഭൂമി വാങ്ങാൻ സഹായിച്ചാൽ തെരഞ്ഞെടുപ്പ് ഫണ്ട് തരാമെന്ന് പറഞ്ഞപ്പോഴും അവരോട് സംസാരിച്ചെന്നും ഫണ്ട് വാങ്ങാൻ സമ്മതിച്ചെന്നുമുള്ള സ്റ്റിംഗ് ഓപ്പറേഷൻ പുറത്തു വിട്ടപ്പോൾ അതിന് കൃത്യമായി മറുപടി പറയാൻ എം കെ രാഘവന് കഴിഞ്ഞില്ലെന്നത് തിരിച്ചടിയായി. 

ശബരിമല പ്രക്ഷോഭത്തിൽ ജയിലിൽ കിടന്ന കെ പി പ്രകാശ് ബാബുവാണ് കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി. ജയിലിൽ കിടന്ന് പത്രിക നൽകി മത്സരിക്കാൻ വന്ന പ്രകാശ് ബാബുവിന് കാര്യമായ വോട്ട് കിട്ടുമോ? 

പക്ഷേ ഈ വിവാദങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയായോ? തീർച്ചയായും ചർച്ചയായെങ്കിലും വിജയം മൂന്നാം വട്ടവും രാഘവനൊപ്പമാണ് നിൽക്കുകയെന്നാണ് സർവേഫലം പറയുന്നത്. 44 ശതമാനം വോട്ട് ശതമാനം നേടി രാഘവൻ വിജയിക്കും. എ പ്രദീപ് കുമാറിന് 36 ശതമാനം വോട്ട് കിട്ടും. കെ പി പ്രകാശ് ബാബുവിന് വലിയ ചലനമൊന്നുമുണ്ടാക്കാനാകില്ല. 16 ശതമാനം വോട്ട് കിട്ടും. 

ഫലമിങ്ങനെ:

എം കെ രാഘവൻ : 44%

എ പ്രദീപ് കുമാർ : 36 %

കെ പി പ്രകാശ് ബാബു : 16 %