ബിഗ്ബോസ് മൽസരാർത്ഥി വേദലക്ഷ്‍മിയെ വിമർശിച്ച റിയാസ് സലീമിനെതിരെ മുൻ ബിഗ് ബോസ് താരം അഭിഷേക് ശ്രീകുമാർ രംഗത്ത്. ലക്ഷ്‍മിയുടെ പ്രസ്താവന തെറ്റാണെങ്കിലും കുട്ടികളെ വലിച്ചിഴക്കരുതെന്ന് അഭിഷേക് പറഞ്ഞു.
ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയായ വേദലക്ഷ്‍മിയെ വിമർശിച്ച് രംഗത്തെത്തിയ റിയാസ് സലീമിനെതിരെ മുൻ ബിഗ് ബോസ് താരവും മോഡലുമായ അഭിഷേക് ശ്രീകുമാർ രംഗത്ത്. ലക്ഷ്‍മി നടത്തിയ പ്രസ്‍താവന തെറ്റു തന്നെയാണെന്നും പക്ഷേ, വിമർശിക്കുമ്പോൾ അതിൽ കുട്ടികളെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും അഭിഷേക് പറയുന്നു. റിയാസിനെതിരെ രൂക്ഷഭാഷയിലാണ് അഭിഷേക് പ്രതികരിച്ചത്.
''ഈ റിയാസ് സലീമിന് നാണമുണ്ടോ? അവന് ലക്ഷ്‍മിയോട് ദേഷ്യമുണ്ടെങ്കിൽ ആ ദേഷ്യം ലക്ഷ്‍മിയോട് തീർക്കണം. അല്ലാതെ മൂന്നു വയസുള്ള കുട്ടിയോടല്ല തീർക്കേണ്ടത്. കഴിഞ്ഞ ദിവസം ആര്യ ബഡായിയെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞിരുന്നു. കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും കുറിച്ച് പറയുന്നവർക്കെതിരാണ് ഞാൻ എന്ന് ബിഗ് ബോസിൽ വെച്ചേ വ്യക്തമാക്കിയതാണ്. റിയാസ് സലീമിനെപ്പോലുള്ളവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.
നിങ്ങളുടെ ശത്രുത ലക്ഷ്മിയോടാണെങ്കിൽ അത് ലക്ഷ്‍മിയുടെ അടുത്ത് തീർക്കുക. അല്ലാതെ മൂന്നു വയസുളള കൊച്ചിന്റെ അടുത്തല്ല. അവൾ പറഞ്ഞത് തെറ്റാണെങ്കിൽ ലാലേട്ടൻ അതു വന്ന് ചോദിക്കും. അതിന് ആ കുട്ടി എന്തു ചെയ്‍തു? ഈ പറയുന്ന പുരോഗമന ചിന്താഗതിക്കാരൊക്കെ റിയാസ് സീലിമിനെതിരെ എന്തു പറയും എന്ന് എനിക്കൊന്ന് കാണണം'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അഭിഷേക് ശ്രീകുമാർ പറഞ്ഞു.
ആദില, നൂറ എന്നിവരെക്കുറിച്ച് ലക്ഷ്‍മി പറഞ്ഞത് തെറ്റാണെന്നും അത് ന്യായീകരിക്കുന്നില്ലെന്നും അഭിഷേക് ശ്രീകുമാർ പറഞ്ഞു. ''അവൾ പറഞ്ഞത് തെറ്റു തന്നെയാണ്. ലക്ഷ്മി പറയുന്നതിനോട് ഞാൻ യോജിക്കുന്നുമില്ല. അത് ലാലേട്ടൻ വരുമ്പോൾ ചോദിക്കും. അതിനുള്ള ശിക്ഷ അവൾക്ക് കിട്ടട്ടെ. അതിന് ബാക്കിയുള്ളവർ കുട്ടിയെ പറയേണ്ട കാര്യമുണ്ടോ?. ലക്ഷ്മി അവളുടെ കുട്ടിക്കു വേണ്ടിയാണ് ജീവിക്കുന്നത്. ആ കുട്ടിയെപ്പറ്റി പറയാൻ അവന് എന്ത് അവകാശം?'' എന്നും അഭിഷേക് ശ്രീകുമാർ ചോദിക്കുന്നു.


