മസ്‍താനിയെക്കുറിച്ച് നടൻ അപ്പാനി ശരത്.

അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ താരമാണ് അപ്പാനി ശരത്. ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരം ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. 35 ദിവസങ്ങൾക്കു ശേഷം അപ്പാനി എവിക്ട് ആകുകയും ചെയ്തിരുന്നു. മൈക്ക് ഊരി അവിടെ കൊടുത്തതോടെ ബിഗ്ബോസ് കഴിഞ്ഞെന്നും ഉടനെ ഒരു സിനിമ ചെയ്യാൻ പോകുകയാണെന്നും അപ്പാനി ശരത് പറയുന്നു. എങ്ങനെയാണോ ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് അങ്ങനെ തന്നെ ഇനിയങ്ങോട്ടും ഉണ്ടാകുമെന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അപ്പാനി ശരത് പറഞ്ഞു. അക്ബറുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും മസ്‍താനിയുമായുണ്ടായ പ്രശ്നത്തെക്കുറിച്ചുമെല്ലാം താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

''ഇതൊരു മൽസരം ആയിരുന്നു. ഓട്ടോമാറ്റിക്കലി മൽസരം മറന്ന് നമ്മൾ പലരുമായും ബോണ്ടിങ്ങ് ആകും. അതുകൊണ്ടാണ് എന്തെങ്കിലും എന്റെ ഭാഗത്തു നിന്നും സംഭവിച്ചാൽ പിന്നീട് അവരോടു ചെന്ന് മാപ്പ് പറയുന്നത്. മസ്താനിയുമായി എനിക്ക് പ്രശ്‍നമൊന്നുമല്ല. ഷോയ്ക്കു മുൻപ് എന്റെ ഇന്റർവ്യൂ എടുത്തയാളാണ് മസ്താനി. അതിൽ നിന്നും എന്റേ കുറേ കാര്യങ്ങൾ മനസിലാക്കി അതൊക്കെ അവിടെ എടുത്തിടുകയാണ് ചെയ്തത്.

നിങ്ങൾ കണ്ടതിലും കൂടുതൽ എന്നെ ട്രിഗർ ചെയ്‍തിട്ടുണ്ട്. അത് മസ്‍താനിയുടെ ഗെയിം ആയിരിക്കാം. എന്നിട്ടും എല്ലാം കഴിഞ്ഞ് ഞാൻ എല്ലാവർക്കും ഭക്ഷണം എടുത്തുകൊടുത്തിട്ടുണ്ട്. ഞാൻ ഔട്ട് ആയി, അത് അവിടെ കഴിഞ്ഞില്ലേ? ഇത്രയധികം വൈരാഗ്യബുദ്ധിയോടെ പെരുമാറാൻ എന്താണ് ഞാൻ ചെയ്‍തത്. അത്രയൊന്നും പ്രശ്‍നക്കാരൻ ആയിരുന്നില്ല ഞാൻ. അനീഷുമായും അനുവുമായും അതിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം അവിടെ കഴിഞ്ഞു'', അപ്പാനി ശരത് അഭിമുഖത്തിൽ പറഞ്ഞു.

''ഷാനവാസ് ഇക്കയെ കുറേ നാളുകളായി അറിയാം. ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹം അടിപൊളി ഗെയിമറാണ്. അപ്പോൾ അദ്ദേഹത്തെ പുറത്താക്കാൻ കിട്ടുന്ന അവസരം മുതലാക്കണമല്ലോ. ഷാനവാസ് ഇക്ക പെട്ടെന്ന് ഉറങ്ങിപ്പോകുന്ന ആളാണ്. അതെനിക്ക് ആദ്യം തന്നെ മനസിലായി. അത് മറ്റാർക്കും മനസിലായുമില്ല. അപ്പോൾ ഞാനത് അക്ബറിനോട് പറഞ്ഞു. അങ്ങനെ ഷാനവാസ് ഇക്കയുടെ കട്ടിൽ പൊക്കാൻ ആരംഭിച്ചപ്പോൾ തുടങ്ങിയ ബന്ധമാണ്. ഞാനും ഇക്കയും പതുക്കെ അകന്നകന്നു പോയി. അക്ബറും ഞാനും പതുക്കെ അടുത്തടുത്തു വന്നു. ‍ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയതാണ്. അതിനെ ഗ്രൂപ്പിസം എന്നു വിളിച്ചാലും കുഴപ്പമില്ല. അതേസമയം, ഞങ്ങളുടെ സുഹൃത്ബന്ധത്തെ മനസിലാക്കുന്നവരും ഉണ്ട്. എന്റെ ഒരു വൈബിന് അനുസരിച്ച് നിന്നയാളായിരുന്നു അക്ബർ. ഞാൻ ഔട്ട് ആകില്ല എന്ന് അക്ബർ പറയുമായിരുന്നു. എവിക്ട് ആയ അന്നു രാവിലെ പോലും ഞാൻ ഡ്രസ് ഒക്കെ എടുത്തുവെയ്ക്കാൻ നേരവും അക്ബർ പറഞ്ഞിരുന്നു, എന്തിനാണ് എല്ലാം പാക്ക് ചെയ്യുന്നത്? നീ ഔട്ട് ആകില്ല എന്ന്'', അപ്പാനി ശരത് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക