ബിഗ് ബോസ് ഷോയെ കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഭാവിയിൽ മോഹൻലാൽ മാറുമ്പോൾ താൻ അവതാരകനായി എത്തിയേക്കാമെന്നും ധ്യാൻ തമാശരൂപേണ കൂട്ടിച്ചേർത്തു.
വീണ്ടുമൊരു ബിഗ് ബോസ് കാലം മലയാളത്തിൽ വരികയാണ്. ബിഗ് ബോസ് മലയാളം സീസൺ 8ന് മുന്നോടിയായി അഗ്നിപരീക്ഷ എന്ന പേരിയൊരു പ്രീ- ഷോ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. ഇതിനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികളെല്ലാവരും. സോഷ്യൽ മീഡിയയിൽ ബിബിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെ ഷോയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. താൻ ബിഗ് ബോസിലേക്ക് പോയിട്ട് കാര്യമില്ലെന്നും പ്രത്യേകിച്ച് കണ്ടന്റ് ഒന്നും കിട്ടില്ലെന്നും ധ്യാൻ പറയുന്നു. ലാലേട്ടന് മടുക്കുമ്പോൾ പകരം ഹോസ്റ്റായി ബിഗ്‌ബോസിലേക്ക് താൻ പോകുമെന്നും തമാശരൂപേണ ധ്യാൻ പറഞ്ഞു.
വിവ സിനിമ പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ബിഗ് ബോസിൽ പോകുമോന്ന ചോദ്യത്തിന്, "ഇല്ല. എനിക്ക് അത്രയും ദിവസം മാറി നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ മാറി നിന്നാല്‍ മലയാള സിനിമ എന്ത് ചെയ്യും. സമൂഹത്തിന്‍റെ ഒരു ക്രോസ് സെക്ഷനാണ് ബിഗ് ബോസ്. സോഷ്യല്‍ എക്സ്പിരിമെന്‍റ് പോലെ കാണേണ്ട ഒന്ന്. പലതരത്തിലുള്ള സ്വഭാവമുള്ളവരെ വച്ച് നടത്തുന്ന ഒരു സോഷ്യല്‍ എക്സ്പിരിമെന്‍റാണ് ബിഗ് ബോസ്. അങ്ങനെ പ്രത്യേകമായിട്ടൊരു ക്യാരക്ടറൊന്നും എനിക്കില്ല. ഒന്നിനേയും പ്രതിനിധീകരിക്കുന്നുമില്ല. ഞാന്‍ പോയത് കൊണ്ട് ഇവിടെ ഒരു മാറ്റമോ കണ്ടന്‍റോ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. പ്രശ്നം ഉണ്ടാവുമ്പോള്‍ അടി ഉണ്ടാക്കരുതെന്ന് പറയുന്നൊരാളായി മാറും ചിലപ്പോള്‍. അവിടെ വേണ്ടത് അതല്ല. ഷോ സ്ഥിരമായി കാണുന്നൊരാളാണ് ഞാന്‍. ഓരോരുത്തര്‍ക്കും ഓരോരോ സ്വഭാവം ഉണ്ട്. ആ ക്യാരക്ടര്‍ സ്റ്റഡിയാണ് ഷോ. വലിയൊരു സോഷ്യല്‍ എക്സ്പീരിമെന്‍റാണ് അത്. അതുകൊണ്ടാണല്ലോ നമ്മളത് കാണുന്നതും. വിളിച്ചാല്‍, ഞാന്‍ പോയിട്ട് കാര്യമില്ലാത്തത് കൊണ്ട് പോകില്ല. മുന്‍പ് ഗസ്റ്റ് ആയിട്ടൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷേ പോകാന്‍ പറ്റിയിട്ടില്ല. ലാലേട്ടന്‍ എപ്പോഴെങ്കിലും മാറുമ്പോള്‍ ബിഗ് ബോസ് അവതരിപ്പിക്കാമല്ലോ. എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ. അപ്പോ ആലോചിക്കാം", എന്നാണ് ധ്യാൻ പറഞ്ഞത്.
മുൻ ബിഗ് ബോസ് താരം അഭിഷേക് ശ്രീകുമാറും വിവ സിനിമയിലുണ്ട്. ധ്യാൻ വന്ന ബിഗ് ബോസ് അടിപൊടിയായിരിക്കുമെന്നാണ് അഭിഷേകിന്റെ അഭിപ്രായം. "അടിപൊളിയായിരിക്കും. ഫുള്‍ കോമഡി ആയിരിക്കും. നമുക്കറിയാമല്ലോ അവിടെ ഫുള്‍ തമ്മിലടി ആണ്. ധ്യാന്‍ ചേട്ടന്‍ പോയാല്‍ കോമഡി ആയിരിക്കും. കോമഡി ഷോ ആയി മാറും", എന്നായിരുന്നു അഭിഷേകിന്റെ മറുപടി.



