ബിഗ് ബോസ് അവതാരകനായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ. ഒരു എന്റർടെയ്നർ എന്ന നിലയിൽ ഷോയിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്ക്രിപ്റ്റഡ് അല്ലാത്ത, ജീവിതം പോലെ വികാരങ്ങൾ പ്രതിഫലിക്കുന്ന മൈന്‍റ് ഗെയിമാണതെന്നും നടന്‍.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. രാജ്യത്തെ വിവിധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ മലയാളം പതിപ്പിൽ സീസൺ 7 ആണ് അവസാനിച്ചത്. ആർട്ടിസ്റ്റായ അനുമോൾ ആയിരുന്നു സീസണിന്റെ കിരീടം ഉയർത്തിയിരുന്നത്. കഴിഞ്ഞ ഏഴ് സീസണുകളിലും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആയിരുന്നു അവതാരകനായി എത്തിയിരുന്നത്. മത്സരാർത്ഥികളെ ശാസിക്കാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനുമൊക്കെയായി എല്ലാ വീക്കെൻഡിലും എത്തുന്ന മോഹൻലാലിനെ കാണാനായി ആവേശത്തോടെ പ്രേക്ഷകരും കാത്തിരിക്കാറുണ്ട്.

പലപ്പോഴും മോഹൻലാൽ എന്തിനാണ് ഈ ഷോ ചെയ്യുന്നതെന്ന് ചോദിച്ച് കമന്റുകൾ വരാറുണ്ട്. ഇക്കാര്യം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്. ജിയോ ഹോട്സ്റ്റാറിന്റെ ഷോയിൽ ആയിരുന്നു മോഹൻലാലിന്റെ വെളിപ്പെടുത്തൽ.

"ഒരുപാട് പേരെന്നോട് ചോദിക്കും, ലാലിന് വേറെ പണിയൊന്നും ഇല്ലേയെന്ന്. ഞാനൊരു പെർഫോമറാണ്. എന്റർടെയ്നറാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും പഠിക്കാൻ സാധിക്കും. ബി​ഗ് ബോസ് എന്നത് ഒരു മൈന്റ് ​ഗെയിം ആണ്. അത് അവതരിപ്പിക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല. കമൽഹാസൻ, വിജയ് സേതുപതി, നാ​ഗാർജുന എല്ലാവരുടേയും മികച്ച അവതരണമാണ്. ഇത് സ്ക്രിപ്റ്റഡ് ഷോയാണെന്ന് എല്ലാവരും പറയും. അല്ല. ഷോയുടെ പല ആന്തരിക രഹസ്യങ്ങളും എനിക്കറിയാം. അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എല്ലാവരും പറയും എനിക്ക് ബി​ഗ് ബോസിൽ വരണമെന്ന്. പക്ഷേ അത് അത്ര എളുപ്പമല്ല. ബി​ഗ് ബോസ് ഷോ ജീവിതം പോലെയാണ്. നിങ്ങളുടെ എല്ലാ വികാരങ്ങളും അവിടെ പുറത്തുവരും. മത്സരാർത്ഥികളുടെ മൈന്റിന്റെ റിഫ്ലക്ഷനാണത്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

"ബിഗ് ബോസ് എന്നത് ഒരു അത്ഭുതകരമായ ഷോയാണ്. അതിൽ നാടകീയതയില്ല. ഷോയിൽ ധാരാളം വിനോദവും വികാരവും അച്ചടക്കവുമുണ്ട്. തുടക്കത്തിൽ, അത് ഏറ്റെടുക്കാൻ ഞാൻ മടിച്ചിരുന്നു. പക്ഷേ പിന്നീട് അത് എനിക്കും ഒരു ലഹരിയായി. ബിഗ് ബോസിന് ആളുകളെ പ്രചോദിപ്പിക്കാനും ഒരുമിച്ച് കൊണ്ടുവരാനും കഴിയും," എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്