സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മൃദുല ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥിയായി എത്തി.
മൃദുല വിജയ്. ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയയായ നടി. ഏഷ്യാനെറ്റ് ഉൾപ്പടെ പ്രമുഖ ചാനലുകളിലെ പരമ്പരകളിലൂടെയാണ് മൃദുല കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ശ്രീലക്ഷ്മി എന്നാണ് മൃദുലയുടെ യഥാർത്ഥ പേര്. സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മൃദുല ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥിയായി കൂടി ഇപ്പോൾ എത്തിയിരിക്കുകയാണ്. മലയാളി കുടുംബപ്രേക്ഷകർക്കിടയിലെ സുപരിചിത മുഖമെന്ന രീതിയിൽ വലിയ പിന്തുണ മൃദുലയ്ക്ക് ലഭിക്കുമെന്നാണ് തുടക്കത്തിലെ വിലയിരുത്തൽ.
അഭിനേത്രി എന്നതിനപ്പുറം ഒരു മികച്ച നർത്തകി കൂടിയാണ് മൃദുല. ഹ്രസ്വചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച മൃദുല 'ജെനിഫർ കറുപ്പയ്യ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 15-ാമത്തെ വയസ്സിലാണ് മൃദുല ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. അതിനു ശേഷമാണ് മൃദുല മലയാളം ടെലിവിഷൻ പരമ്പരകളിലേയ്ക്ക് എത്തുന്നത്. ടെലിവിഷൻ പരമ്പരകളാണ് യഥാർത്ഥത്തിൽ മൃദുലയ്ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തത്. കൃഷ്ണതുളസി, ഭാര്യ , പൂക്കാലം വരവായി, തുമ്പപ്പൂ, ഇഷ്ടം മാത്രം എന്നീ പരമ്പരകൾ മൃദുലയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ഇഷ്ട്ടം മാത്രം പരമ്പരയിലെ ഡോ.ഇഷിത എന്ന കഥാപാത്രം കുടുംബപ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കെയറക്ടർ ആയതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന് പ്രേക്ഷകർ വലിയ കയ്യടിയാണ് നൽകിയത്.
ജനശ്രദ്ധ നേടിയ ടെലിവിഷൻ ഗെയിം ഷോയിലും മൃദുല സജീവ സാന്നിധ്യമായിരുന്നു. ഷോയിൽ നൽകുന്ന ടാസ്കുകളിലെല്ലാം മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ മൃദുലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം നടി, നർത്തകി എന്നതിന് പുറമെ നല്ലൊരു മിമിക്രി കലാകാരി കൂടിയാണ് മൃദുല. പ്രമുഖ ഗെയിം ഷോയിൽ വെച്ചാണ് മൃദുലയുടെ മിമിക്രി സ്കിൽ സത്യത്തിൽ പ്രേക്ഷകർക്ക് പിടികിട്ടിയത്. സഹമത്സരാർത്ഥികളുടെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം മിമിക്രി ചെയ്ത് കാണിച്ച് ഒരുപാട് പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയ ആളുകൂടിയാണ് മൃദുല.
സോഷ്യൽ മീഡിയയിലും സജീവമായ മൃദുലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. മിനിസ്‌ക്രീൻ താരം യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം ചെയ്തിരിക്കുന്നത്. നിരവധി ആരാധകരുടെ മിനിസ്ക്രീൻ താരമാണ് യുവ. ഇരുവരും 2021ലാണ് വിവാഹിതരാകുന്നത്. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. പേര് ധ്വനി. മകൾ ധ്വനിയുടെ വിശേഷങ്ങൾ, യാത്രകൾ, പുതിയ വിശേഷങ്ങൾ എന്നിവയെല്ലാം ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തിരുവനന്തപുരം സ്വദേശി കൂടിയായ മൃദുല ബിഗ് ബോസ് സീസൺ എട്ടിലേയ്ക്ക് വലിയ പ്രതീക്ഷയോടുകൂടിയാണ് എത്തിച്ചേർന്നിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ പരിചിത മുഖം, നർത്തകി, മിമിക്രി കലാകാരി, ഗെയിം ഷോകളിൽ പങ്കെടുത്തത്തിലെ പരിചയം എന്നീ മാനദണ്ഡങ്ങൾ മുൻ നിർത്തി മികച്ച രീതിയിൽ ബിഗ് ബോസിൽ മൃദുലയ്ക്ക് മത്സരിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

