ബിഗ് ബോസ് മലയാളം സീസൺ 7-ന് ശേഷം യൂട്യൂബിൽ സജീവമായ ആദിലയും നൂറയും നൂറയുടെ പിറന്നാൾ ആഘോഷ വിശേഷങ്ങൾ പങ്കുവച്ചു
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ലസ്ബിയൻ കപ്പിളായ ആദിലയും നൂറയും. ഷോ തുടങ്ങിയപ്പോൾ ഒറ്റ മത്സരാർത്ഥി ആയിരുന്നുവെങ്കിലും പിന്നീട് ഇരുവരും രണ്ട് മത്സരാർത്ഥികളായാണ് മത്സരിച്ചത്. ബിഗ്ബോസിനു ശേഷം തങ്ങളുടെ യൂട്യൂബ് ചാനലിൽ സജീവമായിരിക്കുകയാണ് ഇരുവരും. നൂറയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇവർ യൂട്യൂബ് ചാനലിൽ ഏറ്റവുമൊടുവിൽ പങ്കുവച്ചിരിക്കുന്നത്. നൂറയ്ക്ക് ഇഷ്ടപ്പെട്ട ബ്രാൻഡിന്റെ ഒരു ഡയമണ്ട് മാലയാണ് ആദില സമ്മാനമായി നൽകിയത്.
പല രാജ്യങ്ങളിൽ നിന്നും ആശംസകളും ഒപ്പം സമ്മാനങ്ങൾ അയക്കുന്നതിനെ കുറിച്ചുമെല്ലാം ചോദിച്ച് അന്വേഷണങ്ങൾ വന്നെന്നും ചെറിയ മക്കൾ പോലും വന്ന് സ്നേഹം അറിയിക്കുന്നുണ്ടെന്നും ആദില പറയുന്നു. ഫാൻ പേജിൽ നിന്നും അല്ലാതെയും ഒരുപാട് പേർ ബെർത്ത് ഡെ വിഷ് ചെയ്യുന്നുണ്ട് എന്നായിരുന്നു നൂറയുടെ പ്രതികരണം. ''ഒരുപാട് പേർ ടാഗ് ചെയ്യുന്നുണ്ട്. വിഷ് അറിയിക്കുന്നുണ്ട്. എത്രത്തോളമാണ് ആശംസകൾ വരുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ ഇത് ഒരിക്കലും മറക്കില്ല. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷമുള്ള ഈ ബർത്ത്ഡേ ഭയങ്കര സ്പെഷ്യലാണ്. എല്ലാവരോടും ഹൃദയത്തിന്റെ അടിതട്ടിൽ നിന്നും നന്ദി പറയുന്നു. സന്തോഷം കൊണ്ട് എന്റെ വയറ് നിറഞ്ഞു. എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു. എന്ത് പറയണമെന്ന് അറിയില്ല. ഒരുപാട് ഗിഫ്റ്റുകൾ വരുന്നുണ്ട്.
ഷവർ തുറക്കുമ്പോൾ ഒഴുകി വരുന്ന വെള്ളം പോലെയാണ് ഞങ്ങൾക്ക് ഇപ്പോൾ ആളുകളിൽ നിന്നും സ്നേഹം കിട്ടുന്നത്. കഴിഞ്ഞ വർഷം ഞങ്ങൾ പിറന്നാൾ ആഘോഷിച്ചത് ഒരു മലമുകളിലായിരുന്നു. ഇപ്പോൾ ഒരുപാട് ആളുകളുടെ മനസിലെ മൗണ്ടെന്‍ ടോപ്പിലിരിക്കുന്നത് പോലെയാണ്. ബിഗ് ബോസ് ഞങ്ങളുടെ ലൈഫിൽ വലിയൊരു റോൾ വഹിച്ചിട്ടുണ്ട്. ഞങ്ങളെ കൂടുതൽ ആളുകൾ മനസിലാക്കാൻ ഈ ഷോ കാരണമായി. അതിന്റെ ഉദാഹരണമാണ് ഇപ്പോൾ ഞങ്ങൾക്ക് കിട്ടുന്ന സ്നേഹം. ഇപ്പോൾ വേറെ ആരൊക്കയോ കൂടി ഉള്ളതുപോലൊരു തോന്നലുണ്ട്'', നൂറ കൂട്ടിച്ചേർത്തു.



