നിരവധി പേരാണ് ആദിലയേയും നൂറയേയും പിന്തുണച്ചും ആശ്വസ വാക്കുകൾ അറിയിച്ചും രം​ഗത്ത് എത്തിയത്.

ബി​ഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം നാടകീയമായ ഒട്ടനവധി സംഭവ വികാസങ്ങൾ ഷോയിൽ അരങ്ങേറി കഴിഞ്ഞു. പല മത്സരാർത്ഥികളും പ്രേക്ഷകരുടെ പ്രിയങ്കരരായി. ഫാൻസ് പേജുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു കഴിഞ്ഞു. പ്രേക്ഷക പ്രിയതയിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. രണ്ട് വ്യക്തികളാണെങ്കിലും ഒരു മത്സരാർത്ഥിയാണ് ഇരുവരും. ബി​ഗ് ബോസ് ഷോയുടെ ചരിത്രത്തിലെ ആദ്യ ലെസ്ബിയൻ കപ്പിൾ കൂടിയാണ് ആദിലയും നൂറയും. ഷോ മുന്നേറുമ്പോൾ പ്രേക്ഷക പ്രിയം കൂടുന്ന ഇരുവരും ഇപ്പോൾ ഷോയ്ക്കുള്ളിൽ കണ്ണീരണിഞ്ഞിരിക്കുകയാണ്.

മനസുരുകി കണ്ണീരണിഞ്ഞ ആദിലയുടേയും നൂറയുടേയും ഫോട്ടോകളും പോസ്റ്റുകളും സോഷ്യലിടത്ത് ചർച്ചയായി കഴിഞ്ഞു. ഇവരോട് അധികം അടുപ്പം വേണ്ടെന്ന് അക്ബറിനോട് അദ്ദേഹത്തിന്റെ ഉമ്മ പറഞ്ഞുവെന്നും ഇതാണ് ആദില-നൂറ കോമ്പോയെ വിഷമിപ്പിച്ചതെന്നുമാണ് സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

"ഇമോഷണലി ഞാൻ ഭയങ്കര ഡൗൺ ആയിപ്പോയി. ചത്തുപോയില്ലെന്നെ ഉള്ളൂ. കാരണം ഇതൊന്നും ഞാൻ പ്രതീക്ഷിച്ച കാര്യമല്ല. നമ്മൾ ആരാണ്? നമ്മളുടെ ഐഡന്റിറ്റി, വ്യക്തിത്വം എല്ലാം ഒരാൾക്ക് ബുദ്ധിമുട്ടാണെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും. നമ്മൾ നമ്മുടെ ​ഗെയിം കളിക്കുക എന്നെ ഉള്ളൂ. അതിനി ചോദിച്ച്, ക്ലാരിഫിക്കേഷൻ കിട്ടണമെന്ന് എനിക്കില്ല. പുള്ളി ഇനി കേട്ടില്ലെങ്കിലോ? അങ്ങനെ ഒന്നും വിചാരിക്കണ്ടെന്നാകും നമുക്ക് കിട്ടുന്ന മറുപടി. നമ്മൾ ഇവിടെ ഒരാളോട് സംസാരിക്കുന്നത്, തമാശ പറയുന്നത് അത് അവരുടെ ഫാമിലിക്ക് പ്രശ്നം ഉണ്ടാക്കുന്നു എന്ന് അറിയുന്നത് വളരെ വേദനിപ്പിക്കുന്നതാണ്. അതെന്റെ ഉള്ളിലുണ്ട്", എന്നാണ് നൂറ വിഷമത്തോടെ ആദിലയോട് പറയുന്നത്.

"എല്ലാവരും എല്ലാവരേയും മനസിലാക്കണമെന്നില്ലല്ലോടാ. നമ്മുടെ വാപ്പക്കും ഉമ്മയ്ക്കും മനസിലായില്ല. പിന്നെയാണ് മറ്റുള്ളവർ മനസിലാക്കുന്നത്. അങ്ങനെ വിചാരിക്കുന്നതിൽ എന്തിതാ ഉള്ളത്", എന്ന് ആദിലയും പറയുന്നുണ്ട്. "ഈ വീട്ടിൽ ഒരു കുടുംബത്തെ പോലെ കണ്ട ആൾക്കാരുടെ കുടുംബക്കാരിങ്ങനെ ഒക്കെ പറയുമ്പോൾ ഒരു സങ്കടം. ഇതൊന്നും നമ്മൾ പ്രതീക്ഷിക്കുന്ന കാര്യമല്ലല്ലോ. ഇനി മുതലത് പ്രതീക്ഷിക്കാം", എന്ന് നൂറയും പറയുന്നുണ്ട്. ഇതെല്ലാം പറയുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാനാവും. പിന്നാലെ നിരവധി പേരാണ് ആദിലയേയും നൂറയേയും പിന്തുണച്ചും ആശ്വസ വാക്കുകൾ അറിയിച്ചും രം​ഗത്ത് എത്തിയത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്