2025 ജൂലൈ 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഒടിടിയിലേക്ക്.
ചില സിനിമകൾ അങ്ങനെയാണ്, നിനച്ചിരിക്കാതെ വന്നങ്ങ് ഹിറ്റടിച്ച് പോകും. അത്തരത്തിൽ ഒട്ടനവധി സിനിമകൾ മലയാളത്തിൽ അടക്കം ഉണ്ടായിട്ടുണ്ട്. മറ്റു ഭാഷകളിലുള്ള സിനിമകൾ ഡബ്ബ് ചെയ്ത് കേരളത്തിലെത്തുന്ന സിനിമകളും ഇങ്ങനെ സർപ്രൈസ് ഹിറ്റായി മാറാറുണ്ട്. കാന്താര പോലുള്ള സിനിമകൾ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ഈ നിരയിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ കന്നഡ ചിത്രമായിരുന്നു സു ഫ്രം സോ. ഈ വർഷം കന്നഡ സിനിമ മേഖലയ്ക്ക് ലഭിച്ച ആദ്യ സൂപ്പർ ഹിറ്റ് കൂടിയായിരുന്ന ഈ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ ആയിരുന്നു. ഒടുവിൽ പ്രതീക്ഷകളൊന്നും തന്നെ തെറ്റിക്കാതെ ഭേദപ്പെട്ട കളക്ഷനും സു ഫ്രം സോ കേരളത്തിൽ നിന്നും നേടി.
ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ സു ഫ്രം സോ ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്ന വിവരവും പുറത്തുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം ജിയോ ഹോട്സ്റ്റാറിനാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. സു ഫ്രം സോ സെപ്റ്റംബർ 5ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 123 തെലുങ്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2025 ജൂലൈ 25ന് ആയിരുന്നു സു ഫ്രം സോയുടെ തിയറ്റർ റിലീസ്. ജെ പി തുമിനാട് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കോമഡി ഹൊറർ ജോണർ ചിത്രമായിരുന്നു. തുമിനാട് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. മൗത്ത് പബ്ലിസിറ്റി നേടി തിയറ്ററുകളിൽ ആളുകളെ നിറച്ച ചിത്രം പിന്നാലെ കേരളത്തിലും എത്തി മികച്ച പ്രതികരണം നേടുകയും ചെയ്തു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 106.8 കോടി രൂപയാണ് സു ഫ്രം സോയുടെ ആഗോള കളക്ഷൻ. 78.82 ആണ് ഇന്ത്യ നെറ്റ് കളക്ഷൻ. കേരളത്തിൽ നിന്നും ഇതുവരെ 6.36 കോടിയും ചിത്രം നേടിയിട്ടുണ്ട്. 4.5 കോടിയാണ് സിനിമയുടെ മുതൽ മുടക്കെന്നാണ് റിപ്പോർട്ട്.



