സിരീസിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

അഞ്ചാം സീസണിലേക്ക് എത്തിയപ്പോഴേക്ക് ബിഗ് ബോസ് മലയാളം ഷോയുടെ ജനപ്രീതിയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ജനപ്രീതിയില്‍ മുന്‍പന്തിയിലുള്ള ഷോ എന്ന നിലയ്ക്ക് നിരവധി സ്പോണ്‍സര്‍മാര്‍ ബിഗ് ബോസിന്‍റെ ഭാഗമാവുന്നുണ്ട്. പല ഉത്പന്നങ്ങളുടെ ലോഞ്ചിംഗിനുള്ള വേദിയുമാവുന്നുണ്ട് ബിഗ് ബോസ് മലയാളം. ഇപ്പോഴിതാ തങ്ങളുടെ ആദ്യ മലയാളം വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ആദ്യ സീസണ്‍ ടീസര്‍ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ശേഷം മത്സരാര്‍ഥികള്‍ക്കായി ഒരു ടാസ്കും പ്രഖ്യാപിച്ചു ബിഗ് ബോസ്.

'ഷിജു, പാറയില്‍ വീട്, നീണ്ടകര' എന്നാണ് കേരള ക്രൈം ഫയല്‍സിന്‍റെ ആദ്യ സീസണിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ നല്‍കിയിരിക്കുന്ന പേര്. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സിരീസിന്‍റെ ആദ്യ സീസണ്‍ പറയുന്നത് ഒരു ലൈംഗിക തൊഴിലാളിയുടെ കൊലയും അതിന്‍റെ അന്വേഷണവുമാണ്. അജു വര്‍ഗീസും ലാലുമാണ് സീസണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടീസര്‍ കാണിച്ചതിനു ശേഷം ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയ ടാസ്ക് അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിന്‍റെ നിര്‍ദേശാനുസരണം കുറ്റവാളിയുടെ രേഖാചിത്രം വരയ്ക്കുക എന്നതാണ്. ഇതിന്‍റെ ഫലം പിന്നീട് പ്രഖ്യാപിക്കുമെന്നും ബിഗ് ബോസ് അറിയിച്ചു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് ഈ വര്‍ഷം മാര്‍ച്ചിലാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. 

ALSO READ : 'ബിഗ് ബോസില്‍ ഞാനിനി മൂന്ന് ദിവസം കൂടിയേ ഉള്ളൂ'; വിലയിരുത്തലുമായി സാഗര്‍

Kerala Crime Files - Shiju, Parayil Veedu, Neendakara | Teaser Out | Hotstar Specials | Coming Soon