അക്ബറിനെതിരെ എന്തെങ്കിലും കാരണം കിട്ടാൻ കാത്ത് നിന്ന ഷാനവാസ് ഉടൻ സാബുവിനെ കൂട്ടി ക്യാമറക്ക് മുന്നിൽ പോയി ബിഗ് ബോസിനോട് പരാതി പറഞ്ഞു.

ബിഗ് ബോസ് സീസൺ 7 ൽ ഓരോ ദിവസം കൂടുന്തോറും മത്സരം കടുത്തു തുടങ്ങുകയാണ്. സഹമത്സരാർത്ഥികളെ എങ്ങനെ പുറത്താക്കാം എന്നുള്ള പ്ലാനിങ്ങിലാണ് ഓരോരുത്തരും. സീസൺ തുടങ്ങുമ്പോൾ തന്നെ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങിയ മത്സരാർത്ഥികളാണ് ഷാനവാസും അക്ബറും. ഇന്ന് രാവിലെ തന്നെ ഷാനവാസും അക്ബറും ഹൗസിനുള്ളിൽ വൻ അടിയാണ്. അടി തുടങ്ങുന്നത് അടുക്കളയിൽ നിന്നാണ്. ഷാനവാസും അനീഷുമായി തുടങ്ങിയ അടി പിന്നീട് ഷാനവാസും അക്ബറും തമ്മിൽ ആവുകയായിരുന്നു. അനീഷിന്റെ ഒരു സ്വഭാവം ഈ ഒരാഴ്ച കൊണ്ട് അറിയാമല്ലോ...എങ്ങനെയെങ്കിലും ആളുകളെ ട്രിഗർ ചെയ്യുക, കഴിവിന്റെ പരമാവധി വെറുപ്പിക്കുക.

 അടുക്കളയിലും സ്ഥിരം വെറുപ്പിക്കൽ സ്ട്രാറ്റജി എടുത്ത അനീഷിനെ ഒന്നടക്കാൻ ആണ് ഷാനവാസ് പോയത്. അനീഷിനെ അടക്കൽ നടന്നില്ലെന്ന് മാത്രമല്ല അതൊരു വൻ അടിയായി കലാശിക്കുകയായിരുന്നു. ഷാനവാസിനൊപ്പം ഒണിയൽ സാബുവും കൂടെ കൂടിയിരുന്നു. അടുക്കളയിലെ ടീമിന്റെ കാര്യത്തിൽ പുറത്ത് നിന്നുള്ളവർ ഇടപെടേണ്ട എന്ന് അനീഷും അക്ബറും പറഞ്ഞുകൊണ്ടിരുന്നിരുന്നു. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ ഏത് വിഷയത്തിലും ഇടപെടുമെന്നായിരുന്നു ഷാനവാസിന്റെ മറുപടി. പറഞ്ഞ് പറഞ്ഞ് അവസാനം വാക്കേറ്റം കനത്തതോടെ ഷാനവാസിനൊപ്പമുണ്ടായിരുന്ന ഒണിയൽ സാബുവിനെ അക്ബർ പച്ചയ്ക്ക് തെറി വിളിച്ചു. അക്ബറിനെതിരെ എന്തെങ്കിലും കാരണം കിട്ടാൻ കാത്ത് നിന്ന ഷാനവാസ് ഉടൻ സാബുവിനെ കൂട്ടി ക്യാമറക്ക് മുന്നിൽ പോയി ബിഗ് ബോസിനോട് പരാതി പറഞ്ഞു. സാബുവും തന്റെ പരാതി ബിഗ് ബോസിനെ ബോധിപ്പിച്ചു.

അതേസമയം അക്ബറിനെതിരെ ഷാനവാസ് പരാതി പറഞ്ഞത് സഹിക്കാതെ അപ്പാനി ശരത്ത് ഷാനവാസുമായി കൊമ്പുകോർക്കുകയുണ്ടായി. ഒടുവിൽ അക്ബറും ഷാനവാസും തമ്മിലായി നേർക്കുനേർ പോര്. എപ്പിസോഡ് ഒന്ന് മുതൽ തന്നെ അക്ബർ ഷാനവാസിനെ ടാർഗറ്റ് ചെയ്യുന്നത് പ്രേക്ഷകർ കണ്ടിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഷാനവാസിന് പണി കൊടുക്കാൻ അക്ബർ ശ്രമിക്കാറുണ്ട്. നൈറ്റ് ടാസ്കിൽ ഷാനവാസിനെ ഇൻ ആക്കി അകത്തേയ്ക്ക് കയറ്റിയത് പോലും അക്ബറിന്റെ ഗെയിം ആയിരുന്നു. ഇപ്പോൾ ക്യാപ്റ്റൻ ആയതോടെ തനിക്ക് തന്ന പണികൾക്കെല്ലാം മറുപടി കൊടുക്കുകയല്ലേ ഷാനവാസ് എന്ന് പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമുണ്ട്. ഇരുവരും നല്ല മത്സരാർത്ഥികളാണ്. ഇരുവർക്കും പ്രേക്ഷകരുടെ സപ്പോർട്ടും നിലവിലുണ്ട്. അക്ബർ തെറി പറഞ്ഞ വിഷയത്തിൽ സാബു അത് അർഹിക്കുന്നു എന്നാണ് പല സഹമത്സരാർത്ഥികളും അക്ബറിനോട് അഭിപ്രായം പറഞ്ഞത്. എന്നാൽ രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതും, ഈ തെറി വിളിയും ഒക്കെയാവുമ്പോൾ അക്ബറിന്റെ സംസ്കാരം പ്രേക്ഷകർക്ക് പിടിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ട്. ഷാനവാസ് തന്റെ തന്ത്രങ്ങളുമായി കളിച്ച് മുന്നേറുമ്പോൾ അക്ബർ ഇക്കാരണങ്ങൾ കൊണ്ടെല്ലാം പിറകോട്ട് നിൽക്കുമോ എന്നും ആരാധകർക്കിടയിൽ ആശങ്ക ജനിപ്പിക്കുന്നു.