രണ്ടാം വാരം മിഡ് വീക്ക് എവിക്ഷന്‍ ഇതാദ്യം
ബിഗ് ബോസ് മലയാളം സീസൺ 7 ൽ മിഡ് വീക്ക് എവിക്ഷനായുള്ള നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു. ബിഗ് ബോസ് മലയാളം മുൻ സീസണുകളിൽ അപൂർവ്വമായി മാത്രം നടന്നിട്ടുള്ള ഒന്നാണ് മിഡ് വീക്ക് എവിക്ഷൻ. എന്നാൽ രണ്ടാം വാരത്തിൽ അത്തരത്തിലൊന്ന് മുൻ സീസണുകളിലൊന്നും നടന്നിട്ടില്ല. നിലവിലുള്ള 18 മത്സരാർഥികൾക്കും വോട്ട് ചെയ്യാൻ അവസരം നൽകി അതിലൂടെയാണ് ബിഗ് ബോസ് മിഡ് വീക്ക് നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ആറ് മത്സരാർഥികൾ ലിസ്റ്റിൽ ഇടം പിടിച്ചു.
അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവരാണ് ഏറ്റവുമധികം വോട്ടുകളുമായി മിഡ് വീക്ക് എവിക്ഷനിൽ ഇടംപിടിച്ചത്. ഈ ആറ് പേരിൽ നിന്ന് രണ്ട് പേർ ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കുമുള്ളിൽ ഹൗസിൽ നിന്ന് പുറത്താക്കപ്പെടുമെന്നാണ് ബിഗ് ബോസിൻറെ പ്രഖ്യാപനം. വരാൻ പോകുന്ന ടാസ്കുകളിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലായിരിക്കും പുറത്താക്കലെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ഉണ്ടാവുമോ എന്നത് അറിവായിട്ടില്ല.
അതേസമയം മിഡ് വീക്ക് എവിക്ഷനിൽ ഉൾപ്പെട്ടിട്ടുള്ള മത്സരാർഥികൾ കടുത്ത സമ്മർദ്ദത്തിലൂടെയാണ് വരും ദിവസങ്ങളിൽ കടന്നുപോകേണ്ടിവരിക. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള സമയത്തിലാവും പുറത്താക്കൽ എന്നതിനാൽ ഇനിയുള്ള ഓരോ ടാസ്കും ഇവരെ സംബന്ധിച്ച് അതിപ്രധാനമാണ്. ഈ ആറ് പേർക്കും പ്രത്യേകം ഡിസൈൻ ചെയ്ത കണ്ണടകളാണ് പെട്ടെന്ന് തിരിച്ചറിയാൻ ബിഗ് ബോസ് നൽകിയിരിക്കുന്നത്. ഒരു കണ്ണ് മൂടുന്ന തരത്തിലുള്ള കണ്ണടകളാണ് അത്. ഇനിയുള്ള സമയം ഇത് വച്ചുകൊണ്ട് മാത്രമേ നടക്കാവൂ എന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. ഇത് വച്ചുകൊണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് തന്നെ മത്സരാര്‍ഥികള്‍ക്ക് വലിയ ടാസ്ക് ആയിരിക്കും.
അതേസമയം മിഡ് വീക്ക് എവിക്ഷനായുള്ള നോമിനേഷനൊപ്പം വീക്ക്‍ലി എവിക്ഷനുവേണ്ടിയുള്ള നോമിനേഷന്‍ ലിസ്റ്റും ബിഗ് ബോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

