അഖിൽ മാരാർ നായകനായെത്തുന്ന 'മിഡ്നൈറ്റ് ഇൻ മുള്ളൻക്കൊല്ലി' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു.
ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. അക്ബറിനോടുള്ള പ്രതികരണത്തിനിടെയായിരുന്നു ലക്ഷ്മി ആദിലയുടെയും നൂറയുടെയും സെക്ഷ്വാലിറ്റിയെ അധിക്ഷേപിച്ചുള്ള പരമാർശം നടത്തിയത്. ഇപ്പോഴിതാ ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ സീസൺ ഫൈവ് വിന്നർ അഖിൽ മാരാർ. അഖിൽ മാരാർ നായകനായെത്തുന്ന 'മിഡ്നൈറ്റ് ഇൻ മുള്ളൻക്കൊല്ലി' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ചിത്രത്തിൽ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നാണ് ലക്ഷ്മി അക്ബറിനോട് പറഞ്ഞത്. "ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, അയ്യോ ജോലി ചെയ്ത തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു..." എന്നായിരുന്നു ടാസ്കുമായി ബന്ധപ്പെട്ട കോയിൻ വിതരണത്തിനിടെ ലക്ഷ്മിയുടെ പരാമർശം.
"ആദില നൂറ എന്നിവരെ കുറിച്ച് ലക്ഷ്മി നടത്തിയ പ്രസ്താവനയോട് ഞാൻ ഒരിക്കലും യോജിക്കുകയില്ലെന്ന് മാത്രമല്ല, പൂർണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നു. ആദില നൂറ സ്വീകരിച്ച മാർഗ്ഗം ശരിയല്ല, അവരുടെ മാർഗ്ഗം ശരിയല്ല എന്ന് ലക്ഷ്മിക്ക് പറയാം. സ്വന്തം ആശയം സമൂഹത്തോട് പറയാം. സമൂഹം ആശയങ്ങൾ സ്വീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യട്ടെ." എന്നായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അഖിൽ മാരാർ കുറിച്ചത്.
വീട്ടിലുള്ള ഒരാൾ പോലും ലക്ഷ്മി പറഞ്ഞതിനെ എതിർക്കുകയോ മറ്റോ ചെയ്തില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ലക്ഷ്മിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പ്രതിലോമകരമായ ചിന്താഗതിയുള്ള വ്യക്തിയെ എന്തിനാണ് പിന്തുണയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഹോമോഫോബിക് ആയിട്ടുള്ള പ്രതികരണങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും ഇതൊരു ചർച്ചയാവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.


