സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെയാണ് അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.

"നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ", മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു.

അഖില്‍ ഇത് പറഞ്ഞപ്പോള്‍ അധികം മത്സരാര്‍ഥികള്‍ അടുത്തില്ലായിരുന്നു. ഉറക്കെ അല്ലായിരുന്നു ഈ പരാമര്‍ശം. അതിനാല്‍ത്തന്നെ എപ്പിസോഡ് വന്ന സമയത്ത് പ്രേക്ഷകര്‍ തന്നെ അധികം ഇത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഈ രം​ഗത്തിന്‍റെ ക്ലിപ്പിം​ഗുകള്‍ എത്തിയ സമയത്താണ് ബി​ഗ് ബോസ് സ്ഥിരം പ്രേക്ഷകരില്‍ പലരും തന്നെ ഈ സംഭാഷണം ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ മത്സരാര്‍ഥികളില്‍ പലരും ഇത് കേള്‍ക്കാത്തതിനാല്‍ ഹൗസില്‍ ഇത് ഇതുവരെ ചര്‍ച്ചയായിട്ടില്ല.

ALSO READ : താനൊരു 'കോമണര്‍' ആണെന്ന് ഗോപിക; ഇനി അത് പറയരുതെന്ന് ബിഗ് ബോസില്‍ സഹമത്സരാര്‍ഥികള്‍