മോണിംഗ് ആക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് സെറീനയുമായുണ്ടായ തര്‍ക്കത്തില്‍ തന്‍റെ ഭാഗം ന്യായീകരിക്കവെയാണ് ഗോപിക താനൊരു കോമണര്‍ ആണെന്ന് പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണര്‍ മത്സരാര്‍ഥിയാണ് ഗോപിക ഗോപി. വിവിധ മേഖലകളില്‍ അറിയപ്പെടുന്ന മറ്റ് 17 മത്സരാര്‍ഥികള്‍ക്കൊപ്പമാണ് മൂവാറ്റുപുഴ സ്വദേശിയായ ഗോപികയും സീസണ്‍ 5 ലേക്ക് എത്തിയത്. ആദ്യവാരം ഗോപികയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കോമണര്‍ എന്നായിരുന്നു പല മത്സരാര്‍ഥികളും വിശേഷിപ്പിച്ചത്. എന്നാല്‍ ഗോപികയെ ഇനി കോമണര്‍ എന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവരും ഇപ്പോള്‍ ഒരു സെലിബ്രിറ്റിയാണെന്നും കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡില്‍‌ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. താന്‍ കോമണര്‍ ആണെന്ന് ഹൌസില്‍ പറഞ്ഞ ഗോപികയെ സഹമത്സരാര്‍ഥികള്‍ ചേര്‍ന്ന് തിരുത്തിയിരിക്കുകയാണ്.

ഇന്നലത്തെ മോണിംഗ് ആക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് സെറീനയുമായുണ്ടായ തര്‍ക്കത്തില്‍ തന്റെ ഭാഗം ന്യായീകരിക്കവെയാണ് ഗോപിക താനൊരു കോമണര്‍ ആണെന്ന് പറഞ്ഞത്. എന്നെപ്പോലെയുള്ള ഒരു ആളാണ്. പലരില്‍ നിന്നും വന്നിരിക്കുന്ന ഒരു കോമണര്‍ ആണ് എന്ന് ഗോപിക പറഞ്ഞപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന സെറീന, ജുനൈസ്, ശോഭ, സാഗര്‍ എന്നിവര്‍ അത് എതിര്‍ത്തു. ഇനി അത് നീ പറയരുത്. ലാലേട്ടന്‍ തന്നെ പറഞ്ഞതാണ് ഇപ്പോള്‍ നിനക്ക് ആ പ്രിവിലേജ് ഇല്ല. നീ സെലിബ്രിറ്റിയാണ്- ജുനൈസ് പ്രതികരിച്ചു. നമ്മളെല്ലാം ഒരേ ഗ്രാഫിലുള്ള മത്സരാര്‍ഥികള്‍ ആണെന്ന് സെറീനയും പറഞ്ഞു.

എന്നാല്‍ നിങ്ങളൊക്കെ ഓരോ മേഖലയില്‍ കഴിവ് തെളിയിച്ച് വന്നവരാണെന്ന് ഗോപിക വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗോപികയും അങ്ങനെ തന്നെയാണെന്ന് മറ്റ് മത്സരാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് ഗോപിക ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്നും. മോണിംഗ് ആക്റ്റിവിറ്റിയില്‍ തനിക്ക് അപകര്‍ഷതാബോധമുണ്ടെന്ന് സെറീന പറഞ്ഞതാണ് ഗോപികയെ ചൊടിപ്പിച്ചത്. എന്നാല്‍ കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലാക്കിയപ്പോള്‍ തെറ്റിപ്പോയതാണെന്ന് സെറീന പറഞ്ഞു. അഞ്ച് പ്രാവശ്യമെങ്കിലും താനത് തിരുത്തിയെന്നും. കഴിഞ്ഞ ദിവസം ബിഗ് ബോസിനെ സജീവമാക്കിയ തര്‍ക്കമായിരുന്നു ഗോപികയും സെറീനയും തമ്മില്‍ നടന്നത്.

ALSO READ : 'തനിക്ക് അപകര്‍ഷതയെന്ന് പറഞ്ഞു'; ബിഗ് ബോസില്‍ സഹമത്സരാര്‍ഥികള്‍ക്കെതിരെ കത്തിക്കയറി ഗോപിക