അഖിലിന്‍റെ സ്വന്തം നാടായ കോട്ടാത്തലയില്‍ ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോഴായിരുന്നു ഈ സെല്‍ഫി ശ്രമം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയാണ് ഇപ്പോള്‍ അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഖിലിന് വന്‍ ജനപ്രീതിയാണ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ ലഭിച്ചത്. ഗ്രാന്‍ഡ് ഫിനാലെയില്‍ പോള്‍ ചെയ്യപ്പെട്ട ആകെ വോട്ടിന്‍റെ 80 ശതമാനവും തനിക്കാണ് ലഭിച്ചതെന്ന് ബിഗ് ബോസ് അണിയറക്കാര്‍ അറിയിച്ചിരുന്നതായി അഖില്‍ തന്നെ പറഞ്ഞിരുന്നു. ബിഗ് ബോസിന് വേദിയായ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോഴും പിന്നീട് സ്വന്തം നാടായ കൊട്ടാരക്കരയിലും അഖിലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അഖില്‍ മാരാരുടെ ഒരു പഴയകാല വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

അഖിലിന്‍റെ സ്വന്തം നാടായ കോട്ടാത്തലയില്‍ ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോള്‍ ദുല്‍ഖറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന അഖിലാണ് വീഡിയോയില്‍. വലിയ തിരക്കിനിടയില്‍ ആരോ തടഞ്ഞതിനാല്‍ ആ സെല്‍ഫി അഖിലിന് എടുക്കാനായില്ല. അന്ന് പ്രിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ കഴിയാതിരുന്നയാള്‍ ഇപ്പോള്‍ എവിടെ ചെന്നാലും സെല്‍ഫി ചോദിച്ച് ആളുകള്‍ ഇങ്ങോട്ട് സമീപിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഇപ്പോഴത്തെ വീഡിയോകളുമായി ചേര്‍ത്താണ് പഴയ വീഡിയോ വൈറല്‍ ആവുന്നത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അഖില്‍ നേരെ പോയത് നടന്‍ ജോജു ജോര്‍ജിന്‍റെ വീട്ടിലേക്ക് ആയിരുന്നു. ബിഗ് ബോസിനോട് താല്‍പര്യമില്ലാതിരുന്ന തന്നോട് ഇത് തനിക്ക് പറ്റുമെന്നും പോകണമെന്നും പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ജോജുവാണെന്ന് ബിഗ് ബോസില്‍ വച്ച് അഖില്‍ പറഞ്ഞിരുന്നു. ജോജു തിരക്കഥയെഴുതുന്ന പുതിയ ചിത്രവുമായി അഖില്‍ സഹകരിക്കുന്നുണ്ട്. ജോജുവിനൊപ്പം ബിഗ് ബോസ് താരങ്ങളായ ജുനൈസും സാഗറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ : 'വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്നതിന്‍റെ വീഡിയോ ഇടുന്നത് എങ്ങനെ'? വിമര്‍ശകരോട് അഖിലിന് പറയാനുള്ളത്