"ഈ കാര്യങ്ങള്‍ എല്ലാം തന്നെ അയാള്‍ പുറത്തിറങ്ങി കഴിഞ്ഞതിനു ശേഷം തെളിവുകള്‍ സഹിതം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും"

ഷോ കാണുന്ന പ്രേക്ഷക സമൂഹത്തിന് പുറത്തേക്കും ചര്‍ച്ചയായ ഒന്നായിരുന്നു ബിഗ് ബോസില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ ജീവിതകഥ. കടന്നുവന്ന ജീവിതവഴികളെ ഒരു ​ഗ്രാഫിന്‍റെ രൂപത്തില്‍ ചിത്രീകരിക്കാനുള്ള ഒരു ടാസ്ക് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ബി​ഗ് ബോസ് നല്‍കിയിരുന്നു. ഇതില്‍ പങ്കെടുക്കവെ സന എന്ന ഒരു സൈനികോദ്യോ​ഗസ്ഥയെ താന്‍ പ്രണയിച്ചതിനെക്കുറിച്ചും അവര്‍ പിന്നീട് വെടിയേറ്റ് മരിച്ചതിനെക്കുറിച്ചും മിഥുന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ വിശ്വാസ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ മോഹന്‍ലാലും വസ്തുതകള്‍ നിരത്തി ഇതിനെ പൊളിച്ചിരുന്നു. സമൂഹത്തില്‍ വലിയ ചര്‍ച്ചയുമുണ്ടാക്കി ഈ വിഷയം. എന്നാല്‍ ബി​ഗ് ബോസില്‍ പിന്നീടുള്ള ദിവസങ്ങളില്‍ മിഥുന്‍ ഈ വിഷയത്തെക്കുറിച്ച് കാര്യമായി സംസാരിച്ചിരുന്നില്ല. എവിക്റ്റ് ആയി പുറത്ത് പോയതിനു ശേഷം മുന്‍ മത്സരാര്‍ഥികളുടെ മടങ്ങിവരവിനൊപ്പം മിഥുനും കഴിഞ്ഞ ദിവസം ഹൗസിലേക്ക് എത്തിയിരുന്നു. ബിബി അവാര്‍ഡ്സ് വേദിയില്‍ വിവാദ വിഷയത്തില്‍ മിഥുന്‍ ഒരു വിശദീകരണവും നല്‍കി.

തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആര്‍മി പശ്ചാത്തലം താന്‍ അതിനോട് കൂട്ടിച്ചേര്‍ത്തതാണെന്നും മിഥുന്‍ പറഞ്ഞു. ഈ കഥയുടെ പേരില്‍ തന്‍റെ പ്രൊഫഷണല്‍ നേട്ടങ്ങളെയും ചിലര്‍ ചോദ്യം ചെയ്യുകയാണെന്നും സൈബര്‍ ആക്രമണം നേരിടുകയാണെന്നും മിഥുന്‍ പറഞ്ഞു. പുറത്തെത്തിയപ്പോഴാണ് ഇതിന്‍റെ മൂര്‍ച്ച തനിക്ക് മനസിലായതെന്നും. വാക്കുകള്‍ ഉപയോ​ഗിക്കാനുള്ള തന്‍റെ പിടിപ്പില്ലായ്മയെക്കുറിച്ച് ബോധ്യമുള്ള മിഥുന്‍ പിന്നാലെ അഖില്‍ മാരാരെ വേദിയിലേക്ക് ക്ഷണിച്ചു. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും വ്യക്തതക്കുറവ് ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാമോ എന്നായിരുന്നു മിഥുന്‍റെ അഭ്യര്‍ഥന. സങ്കോചമില്ലാതെ വേദിയിലേക്ക് കടന്നുവന്ന അഖില്‍ താനുള്‍പ്പെടെയുള്ള ബി​ഗ് ബോസ് സഹമത്സരാര്‍ഥികള്‍ക്ക് അനിയന്‍ മിഥുനോട് ഉള്ള വിശ്വാസം എന്താണെന്ന് പറഞ്ഞു.

"ഞാന്‍ ഇവന്‍റെയൊരു സഹോദരനാണ്. ആ നിലയ്ക്ക് എനിക്ക് പറയാനുള്ളത് അവന്‍ ഒരു കൊച്ച് കഥ പറഞ്ഞതായിട്ട് മാത്രം നിങ്ങള്‍ കാണുക. അതിനപ്പുറം അവന്‍റെ പ്രൊഫഷണല്‍ ജീവിതം ഉണ്ട്. നേട്ടങ്ങളുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം തന്നെ അയാള്‍ പുറത്തിറങ്ങി കഴിഞ്ഞതിനു ശേഷം തെളിവുകള്‍ സഹിതം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. അതിന് മുന്‍പ് ദയവ് ചെയ്ത് സത്യം അറിയാതെ അയാളെയും അയാളുടെ കുടുംബത്തെയും കടന്നാക്രമിക്കരുത്. അയാള്‍ എന്ന് പറയുന്ന മനുഷ്യനെ കഴിഞ്ഞ ഇത്രയും ദിവസമായി നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സത്യസന്ധമായി സംസാരിക്കുന്ന സമയത്ത് അറിയാതെ ഒരു കഥ പോലെ പറഞ്ഞ ഒരു കാര്യത്തെ ഒരു പരിധിക്ക് അപ്പുറത്തേക്ക് വലിച്ച് കീറരുത് എന്ന് പറയുന്നതോടൊപ്പം തന്നെ പ്രൊഫഷണലി അയാളുടെ നേട്ടങ്ങളെക്കുറിച്ച് പുറത്തിറങ്ങുമ്പോള്‍ അയാള്‍ സംസാരിക്കും. ഞങ്ങള്‍ കുടുംബാം​ഗങ്ങള്‍ എല്ലാവര്‍ക്കും മിഥുനെ യാതൊരുവിധ സംശയങ്ങളും ഇല്ല. ഞങ്ങള്‍ ഹൃദയത്തില്‍ നിന്നുകൊണ്ട് തന്നെ മിഥുനെ ഇപ്പോഴും സ്വീകരിക്കുന്നു", അഖില്‍ മാരാര്‍ പറഞ്ഞു.

ALSO READ : 'പ്രണയം യഥാര്‍ഥം, ആര്‍മി പശ്ചാത്തലം കൂട്ടിച്ചേര്‍ത്തത്'; ബിഗ് ബോസില്‍ പരസ്യമായി മാപ്പ് പറഞ്ഞ് അനിയന്‍ മിഥുന്‍

WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ

ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! |Shiju Abdul Rasheed