മോഹൻലാൽ വരെ അനീഷിനെ ടാർഗറ്റ് ചെയ്ത് ഗെയിം കളിക്കരുതെന്ന് മത്സരാർത്ഥികളോട് പറഞ്ഞതാണ്. എന്നിട്ട് പോലും ഇപ്പോഴും അനീഷിന് പിറകെയാണ് എല്ലാവരുടെയും പോക്ക്.

ബിഗ് ബോസ് സീസൺ 7 ൽ ഓരോ ദിവസം കൂടുന്തോറും മത്സരം കടുത്തു തുടങ്ങുകയാണ്. മത്സരാർത്ഥികളെല്ലാം പല പല തന്ത്രങ്ങൾ പയറ്റുന്നുണ്ടെങ്കിലും കോമണാറായി വന്ന അനീഷിന്റെ തന്ത്രം തന്നെയാണ് ബിബി ഹൗസിൽ വിജയിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിക്കൊണ്ടാണ് അനീഷിന്റെ വരവ്. രണ്ടാം സീസണിൽ രജിത് കുമാറും ആറാം സീസണിൽ ജിന്റോയും ഉപയോഗിച്ച് വിജയിച്ച തന്ത്രമാണ് അനീഷ് ഇപ്പോൾ പുറത്തെടുക്കുന്നത്. മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൂടുതൽ സ്ക്രീൻ സ്പേസ് നേടുക എന്നതാണ് അനീഷിന്റെ ലക്ഷ്യം. നിർഭാഗ്യവശാൽ, ഈ കെണിയിൽ വീണുകൊടുക്കുന്നവരാണ് ഹൗസിലെ ഭൂരിഭാഗം മത്സരാർത്ഥികളും. അനീഷിന്റെ നീക്കങ്ങളെ തിരിച്ചറിയാൻ ഇപ്പോഴും മത്സരാർത്ഥികൾക്ക് ആയിട്ടില്ല. മോഹൻലാൽ വരെ അനീഷിനെ ടാർഗറ്റ് ചെയ്ത് ഗെയിം കളിക്കരുതെന്ന് മത്സരാർത്ഥികളോട് പറഞ്ഞതാണ്. എന്നിട്ട് പോലും ഇപ്പോഴും അനീഷിന് പിറകെയാണ് എല്ലാവരുടെയും പോക്ക്.

'അനീഷിന്റെ പ്രകോപനങ്ങളിൽ പ്രതികരിക്കുന്നതിലൂടെ, മത്സരാർത്ഥികൾ അവന് കൂടുതൽ ശ്രദ്ധയും സ്ക്രീൻ സ്പേസും നൽകുകയാണ്. അവഗണനയാണ് ഇത്തരം തന്ത്രങ്ങൾക്ക് ഏറ്റവും വലിയ മറുപടി. അനീഷിന് പ്രതികരിക്കാനുള്ള അവസരം നൽകാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരമായ നീക്കം' എന്നെല്ലാം ചില മത്സരാർത്ഥികൾ പറയുകയുണ്ടായി. അവർക്ക് മാത്രമാണ് അനീഷ് നന്നായി മൈൻഡ് ഗെയിം കളിക്കുന്ന ആളാണെന്ന് വ്യക്തമായിട്ടുള്ളു. അതായത് അനീഷുമായി എങ്ങനെ ഇടപെടണമെന്ന് ഹൗസിലെ ചുരുക്കം ചിലർക്ക് മാത്രമേ മനസ്സിലായിട്ടുള്ളൂ. മറ്റുള്ളവരെല്ലാം അറിഞ്ഞോ അറിയാതെയോ അനീഷിന്റെ ഗെയിമിന് പിന്തുണ നൽകുകയാണ്. അനീഷിന്റെ ആവശ്യവും അത് തന്നെ.

അനീഷ് കൃത്യമായ ഒരു ഗെയിം പ്ലാനോടെയാണ് മുന്നോട്ട് പോകുന്നത്. ഈ ഗെയിം പ്ലാനിന്റെ ഭാഗമാണ് തങ്ങളുടെ പ്രതികരണങ്ങൾ എന്ന് ഹൗസിലെ മറ്റ് അംഗങ്ങൾ മനസ്സിലാക്കാത്തിടത്തോളം കാലം, അനീഷ് ഈ തന്ത്രം ഉപയോഗിച്ചുകൊണ്ടിരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. അനീഷിന്റെ തന്ത്രങ്ങളെ തടയാൻ പ്രകോപനങ്ങളിൽ വീഴുക എന്നതല്ല മാർഗ്ഗമെന്ന് ഇനിയും മറ്റ് മത്സരാർത്ഥികൾ മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല മറ്റുള്ളവർ സ്വന്തം ഗെയിം കളിക്കാൻ തുടങ്ങിയാൽ മാത്രമേ അനീഷിന്റെ തന്ത്രം പാളുകയുള്ളൂ. ഇപ്പോഴും ഇരട്ടക്കും ത്രിമൂർത്തികളായും നാൽവർസംഘമായുമൊക്കെയാണ് ഹൗസിൽ മറ്റ് മത്സരാർത്ഥികൾ ഗെയിം കളിക്കുന്നതെന്ന് പ്രേക്ഷകർക്കിടയിൽ ചർച്ചയുണ്ട്. അതെല്ലാം മാറി അനീഷിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ് വേറെ ട്രാക്കിൽ അവർ ഗെയിം കളിക്കണമെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം വെറുത്ത് വെറുത്ത് വെറുപ്പിന്റെ അങ്ങേയറ്റത്ത് കുട്ടിശ്ശങ്കരനോട് ഞങ്ങൾക്ക് ഇഷ്ട്ടം തോന്നി തുടങ്ങിയിരിക്കുന്നു എന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നുണ്ട്.