ബിഗ് ബോസ് മലയാളം സീസണ്‍ 3 നാലാം വാരത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. യുപി സ്വദേശിയായ അച്ഛന്‍റെയും ഇടുക്കി സ്വദേശിയായ അമ്മയുടെയും മകള്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. ആത്മസുഹൃത്തുമായുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസ് വേദിയില്‍ പറഞ്ഞ അനുഭവകഥ വെറുതെ ഇമേജ് സൃഷ്ടിക്കാന്‍ പറയുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു. മൂന്ന് വാരങ്ങള്‍ക്കിപ്പുറവും പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായി തുടരുന്ന ഡിംപലിനെക്കുറിച്ച് സഹമത്സരാര്‍ഥികളായ സായ് വിഷ്‍ണുവിനോടും കിടിലം ഫിറോസിനോടും പറയുകയാണ് എയ്ഞ്ചല്‍ തോമസ്.

 

മോഡലിംഗ് വേദികളിലൂടെ ഡിംപലിനെ നേരത്തേ തനിക്കു പരിചയമുണ്ടെന്ന് എയ്ഞ്ചല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന ദിവസം തന്നെ പറഞ്ഞിരുന്നു. സായ്-സജിന വിഷയത്തില്‍ ഡിംപല്‍ സജിനയുടെ ഭാഗത്തുനിന്നത് സജിനയുടെ ദേഹം വേദനിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണെന്ന് എയ്ഞ്ചല്‍ പറയുന്നു. "നല്ല രീതിയില്‍ പണി ചെയ്യും. നല്ല രീതിയില്‍ വിശന്നിരിക്കും. നല്ല രീതിയില്‍ കഷ്ടപ്പെടും", ബിഗ് ബോസിനു പുറത്തെ ഡിംപലിനെക്കുറിച്ച് എയ്ഞ്ചല്‍ പറയുന്നു.

ഡിംപലിനെക്കുറിച്ച് എയ്ഞ്ചല്‍ പറഞ്ഞതിനെ കിടിലം ഫിറോസ് ഇങ്ങനെ ക്രോഡീകരിക്കുന്നു- "ഇവള് പറഞ്ഞത് ഡിംപല്‍ പുറത്തും ഇതുപോലെതന്നെ ആണത്രെ. അതായത് നമ്മള്‍ അങ്ങോട്ട് ഒരു കാര്യം പറഞ്ഞാല്‍ സ്വീകരിക്കുന്ന ആളല്ല. പക്ഷേ എല്ലാവര്‍ക്കും വേണ്ടിയിട്ട് ഇറങ്ങും. ഇവിടെ ചെയ്യുന്നതെല്ലാം അതേ രീതിയില്‍ പുറത്തും ചെയ്യും. പക്ഷേ ലിസണര്‍ അല്ല ടോക്കര്‍ ആണ്. അവളുടെ മുഴുവന്‍ പ്ലസും മൈനസും ഇവിടെ എങ്ങനെയാണോ, അതുപോലെതന്നെയാണ് ഡിംപല്‍ പുറത്തും", ഫിറോസ് സായിയോട് പറയുന്നു. എന്നാല്‍ ഡിംപലിനെ മുന്‍പ് പരിചയമില്ലാത്ത തന്നെപ്പോലുള്ളവര്‍ അവരെ വിലയിരുത്തുന്നത് ബിഗ് ബോസ് ഹൗസിലെ വ്യക്തിപരമായ പെരുമാറ്റം വിലയിരുത്തിയിട്ടല്ലേയെന്ന് സായ് ചോദിക്കുന്നു. "ഡിംപല്‍ അങ്ങനെയൊക്കെ ആയിരിക്കും. പക്ഷേ നമുക്ക് നമ്മളോട് പേഴ്‍സണലി ഇതിനകത്തുള്ള കാര്യമല്ലേ പറയാന്‍ പറ്റൂ. അത് വച്ചിട്ടുള്ളതാണ് നമ്മള്‍ വിലയിരുത്തുന്നത്", സായ് പറയുന്നു.