അനുമോളുടെ വിജയത്തിന് കാരണം പി.ആർ. പിന്തുണയാണെന്ന് മുൻ മത്സരാർത്ഥി ബിൻസി ആരോപിച്ചപ്പോൾ, പുറത്തെ പ്രതികരണങ്ങൾ കണ്ടശേഷം റീ-എൻട്രിയിൽ വന്നവർ തന്നെ അന്യായമായി ലക്ഷ്യം വെച്ചുവെന്ന് അനുമോളും പ്രതികരിച്ചു.

നൂറ് ദിവസം നീണ്ട ബിഗ് ബോസ് സീസൺ 7 അവസാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ പല കാര്യങ്ങളും അരങ്ങേറിയ ഈ സീസണിലെ വിജയിയായി അനുമോളാണ് കപ്പുയർത്തിയത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. പി ആർ വിവാദങ്ങൾ കത്തി നിന്ന സീസൺ ആയതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചർച്ചകളും ഗ്രാൻഡ് ഫിനാലെയ്ക്ക് ശേഷം അരങ്ങേറുന്നുണ്ട്. ഇപ്പോഴിതാ അനുമോൾ വിജയി ആയത് പിആർ ഉള്ളത്കൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ് സീസണിലെ മുൻ മത്സരാർത്ഥിയായ ബിൻസി. ഗ്രാൻഡ് ഫിനാലെ ഷൂട്ടിന് ശേഷം എയർപോർട്ടിൽ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിൻസി.

"എനിക്ക് അനീഷേട്ടൻ ജയിക്കണമെന്നായിരുന്നു ആഗ്രഹം, കാരണം അദ്ദേഹം ഡിസർവിങ്ങ് ആയിരുന്നു. നിങ്ങൾക്കെല്ലാർക്കും അറിയാമല്ലോ. നല്ലപോലെ ഗെയിം കളിച്ചുകൊണ്ടിരുന്ന ആളായിരുന്നു. അവസാന നിമിഷം വരെ നമ്മൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബിൻസി കാരണം കൊണ്ടല്ല അനുമോൾക് കപ്പ് കിട്ടിയത്. അനുവിന് നല്ല പോലെ പി.ആർ ഉള്ളതുകൊണ്ടാണ് കപ്പ് കിട്ടിയത്." ബിൻസി പറയുന്നു.

'എന്നെ അറ്റാക്ക് ചെയ്യാൻ വേണ്ടി അവർ കാത്തിരിക്കുവായിരുന്നു'

ഇത്തവണ അക്ബർ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ നെവിൻ നാലാമതും ഷാനവാസ് മൂന്നാമതും എത്തി. അനീഷ് ഫസ്റ്റ് റണ്ണറപ്പായി മാറി. അതേസമയം ഇത്തവണ ഉണ്ടായ റീ എൻട്രിയാണ് മത്സരം മാറ്റി മരിച്ചതെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. വിജയ്‍യും ആയതിനു ശേഷം അനുമോൾ അതേപ്പറ്റി പറഞ്ഞ വാക്കുകൾ ഇങ്ങനെ: "പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. 25 പേരിൽ 24 പേർക്കും എന്നെ ഇഷ്ടമില്ലെന്ന് പിന്നെ പിന്നെ മനസിലായി. റീ എൻട്രിയെ കുറിച്ച് പറയുമ്പോൾ എനിക്ക് ഭയങ്കര വിഷമം വരും. നമ്മളൊക്കെ മനുഷ്യരല്ലേ. പക്ഷേ അവരത് മനസിലാക്കുന്നില്ല. ഞാനാണ് ഔട്ട് ആയതെന്ന് വിചാരിച്ചോളൂ. എനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടിക്കോട്ടെ എന്നാണ് വിചാരിക്കുക. പക്ഷേ ഇവര് എന്തിന്റെ പുറത്താണെന്ന് എനിക്കറിയില്ല. വന്നപ്പോൾ എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു. എന്നെ അറ്റാക്ക് ചെയ്യാൻ വേണ്ടി അവർ കാത്തിരിക്കുവായിരുന്നു. നമ്മൾ സാധാരണ മനുഷ്യരല്ലേ. ഇവരൊക്കെ എന്തിനങ്ങനെ കാണിച്ചുവെന്ന് തോന്നി. ഹൗസിനുള്ളിൽ പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ പുറത്ത് നെ​ഗറ്റീവ് ആകുമെന്ന് ഇവർ വിചാരിക്കുന്നില്ല. ആദ്യം ഔട്ട് അയവരെല്ലാം പുറത്തെ റിയാക്ഷൻ കണ്ടിട്ടാണ് എന്നോട് ഇങ്ങനെ കാണിക്കുന്നത്. എല്ലാം ഞാൻ കാരണമാണ് പ്രശ്നം. അവർക്ക് കിട്ടാത്തത് എനിക്കും കിട്ടണ്ടെന്ന ആ​ഗ്രഹമായിരിക്കാം എന്നോട് അങ്ങനെ പെരുമാറിയതെന്ന് എനിക്ക് തോന്നുന്നു."