ചെറുതല്ലാത്ത പ്രശ്നം തന്നെ ഇന്ന് ബിഗ് ബോസ് വീട്ടിൽ ശരത്തും അനുമോളും തമ്മിൽ നടക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ ഭൂരിഭാഗം മത്സരാർത്ഥികളും തങ്ങളുടെ ഗെയിമുകൾ പുറത്തെടുത്തു കഴിഞ്ഞു. പലരും പ്രേക്ഷകരുടെ പ്രിയങ്കരരായി. പലരുടെയും മുഖം മൂടികൾ അഴിഞ്ഞുവീണു. ഇത് ഞങ്ങൾ കണ്ടിട്ടുള്ള ആളുകളല്ലല്ലോ എന്ന് പ്രേക്ഷകർ പറഞ്ഞു. അക്കൂട്ടത്തിലെ രണ്ടുപേരാണ് അനുമോളും അപ്പാനി ശരത്തും. അഭിനേതാക്കൾ എന്ന ലേബലിൽ ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയവരാണ് ഇരുവരും. ഒപ്പം ഒരുനാട്ടുകാരും.
ഷോ തുടങ്ങിയത് മുതൽ പലപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ വീണ്ടും ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ നടന്നിരിക്കുകയാണ്. അനുമോൾ തന്റെ ഭാര്യയെ പരാമർശിച്ചത് അപ്പാനി ശരത്തിന്റെ നിയന്ത്രണം വിടാൻ ഇടയാക്കിയിട്ടുണ്ട്. ഇത് വലിയ വാക്കുതർക്കത്തിന് തിരികൊളുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഇന്നത്തെ എപ്പിസോഡ് പ്രമോയിൽ നിന്നും വ്യക്തമാണ്. വീട്ടിലെ ജോലിയുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നിരിക്കുന്നത്. ‘തോന്നുമ്പോൾ വരുന്നു പോകുന്നു. ഇതെന്താ സത്രോ’ എന്നാണ് അനുവിനോട് അപ്പാനി ശരത് ചോദിക്കുന്നത്. പിന്നാലെ ഇരുവരും തമ്മിലുള്ള വലിയ സംസാരം നടക്കുകയും അനുവിനെ വിടാതെ അപ്പാനി ശരത്ത് പിന്തുടരുന്നതും പ്രമോയിൽ കാണാം.
ഇതിനിടെ 'പോടീ' എന്ന് അപ്പാനി ശരത്ത് വിളിക്കുമ്പോൾ അനുമോൾ 'പോടോ' എന്ന് പറയുന്നുണ്ട്. 'പോടി' വിളി ആവർത്തിച്ചപ്പോൾ 'പോയി നിങ്ങടെ പെണ്ണുമ്പിള്ളയെ വിളി' എന്ന് അനുമോൾ പറയുന്നുണ്ട്. ഇത് അപ്പാനിയെ ചൊടിപ്പിക്കുകയും തന്റെ ഭാര്യയെ ഇതിലേക്ക് പിടിച്ചിടേണ്ട ആവശ്യമെന്താണെന്നും അപ്പാനി ശരത് ആക്രോശിച്ച് കൊണ്ട് ചോദിക്കുന്നുണ്ട്. തന്നെ പോടീ എന്ന് വിളിച്ചാൽ ഇനിയും പറയുമെന്നാണ് അനുമോളുടെ മറുപടി. എന്തായാലും ചെറുതല്ലാത്ത പ്രശ്നം തന്നെ ഇന്ന് ബിഗ് ബോസ് വീട്ടിൽ ശരത്തും അനുമോളും തമ്മിൽ നടക്കുന്നുണ്ട്.



