ആദ്യ ആഴ്ചയിൽ സമാധാനപരമായി മുന്നോട്ടുപോയ ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ തമ്മിൽ തർക്കം രൂക്ഷമാകുന്ന കാഴ്ചയാണ് കഴിഞ്ഞ എപ്പിസോഡുകളിൽ കാണുന്നത്. വാരാന്ത്യം മോഹൻലാൽ എത്തിയപ്പോൾ സൂര്യയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും, അവർ ഗ്രൂപ്പ് തിരിച്ച്  ജോലികൾ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം രാത്രി എല്ലാവരെയും വിളിച്ചിരുത്തി ലക്ഷ്മിയെ കിച്ചൺ ടീമിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു.

ഭാഗ്യലക്ഷ്മി ശാരീരിക അവശത മൂലം തനിക്ക് ടീമില്‍ നിന്ന് മാറിയാല്‍ കൊള്ളാമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അതുപ്രകാരം മറ്റൊരു ടീമിലുണ്ടായിരുന്ന ലക്ഷ്മി ജയന്‍ പകരം എത്താന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ലക്ഷ്മി മാറിയതോടെ മറ്റ് ടീമുകളിലും ചില ഒഴിവുകളും ഒഴിവു നികത്തലുകളും സംഭവിച്ചതില്‍ ചില അംഗങ്ങൾ എതിരഭിപ്രയവുമായി എത്തിയതോടെയാണ് സ്ഥിതി വിഷളായത്.

ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ സമാധാനം സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു. അനൂപ്  കൃഷ്ണൻ. എന്നാൽ ഇടയിൽ ലക്ഷ്മി തന്റെ ഭാഗം വ്യക്തമാക്കാൻ ശ്രമിച്ചതോടെ അനൂപ് കുപിതനായി. താനൊന്ന് പറഞ്ഞോട്ടെയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട അനൂപിനോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ച ലക്ഷ്മിയോട്   ഒരാൾ പറയുമ്പോൾ ഇടയ്ക്ക് കയറി പറയരുതെന്ന് കടുപ്പിച്ച് പറഞ്ഞു.

ജോലികളിലെ മാറ്റത്തെ കുറിച്ചും ക്ലീനിങ്ങിന് റിതു സഹായിച്ചതിനെ കുറിച്ചു പറയുന്നതിനിടയിൽ അനൂപ്, റിതുവിനോടും മുഖം കറുപ്പിച്ചു. ചെറിയ കാര്യങ്ങൾ സംസാരിച്ച് തീർക്കുകയാണ് വേണ്ടതെന്നും, മറിച്ച് വഷളാക്കുകയല്ലെന്നും അനൂപ് പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും തർക്കം അവസാനിച്ചില്ല. അഡോണി, റംസാന്‍, ലക്ഷ്മി, സൂര്യ, നോബി, റിതു തുടങ്ങിയവരൊക്കെ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോൾ പരിഹാരത്തിന് സമാധാനപരമായ ശ്രമം നടത്തിയത് മണിക്കുട്ടൻ മാത്രമായിരുന്നു.