പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ ജയില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ജയില്‍ ആദ്യമായി തുറന്നു. രണ്ട് മത്സരാര്‍ഥികളാണ് ആദ്യമായി ജയിലിലേക്ക് പോയത്. ആദ്യ വാരത്തിലെ വീക്കിലി ടാസ്കില്‍ ഒരു പോയിന്‍റ് പോലും ലഭിക്കാത്ത 11 പേരില്‍ നിന്ന് ജയിലില്‍ പോകാനായി ആളെ തെരഞ്ഞെടുക്കാമെന്നായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്. ഒപ്പം ആദ്യ വാരം ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ അനീഷിന് ഒരു സവിശേഷ അധികാരവും ബിഗ് ബോസ് നല്‍കി. ജയിലിലേക്ക് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരമായിരുന്നു അത്. അനീഷ് ഒരു നിമിഷം ആലോചിക്കുകപോലും ചെയ്യാതെ തന്‍റെ സ്പെഷല്‍ ജയില്‍ നോമിനേഷന്‍ ആരെന്ന് പറഞ്ഞു. അപ്പാനി ശരത്തിന്‍റെ പേരാണ് അനീഷ് പറഞ്ഞത്.
ഒപ്പം സഹമത്സരാര്‍ഥികളില്‍ നിന്നും ജയിലിലേക്ക് പോകാന്‍ ഏറ്റവുമധികം നോമിനേഷന്‍ ലഭിച്ചത് അനുമോള്‍ക്ക് ആണ്. ഇതോടെ സീസണ്‍ 7 ല്‍ ആദ്യമായി ജയില്‍ ശിക്ഷ ലഭിക്കുന്ന ആദ്യ രണ്ട് മത്സരാര്‍ഥികള്‍ അപ്പാനി ശരത്തും അനുമോളുമാണെന്ന് ഉറപ്പായി. ജയില്‍വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ ഇരുവരും ജയിലിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ക്യാപ്റ്റന്‍ അനീഷ് ജയില്‍ ഉദ്ഘാടനവും നടത്തി.
ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി ആരംഭിച്ചിരിക്കുന്ന സീസണ്‍ 7 ലെ എല്ലാ ടാസ്കുകളും മുന്‍ സീസണുകളിലേതിനേക്കാള്‍ കഠിനമാണ്. അതുപോലെ തന്നെയായിരുന്നു ജയില്‍ ടാസ്കും. ചപ്പാത്തി പരത്തുക എന്നതായിരുന്നു ജയിലിലെത്തിയ രണ്ട് പേര്‍ക്കുള്ള ടാസ്ക്. എന്നാല്‍ ഇത് മൂന്ന് ആകൃതികളില്‍ (വൃത്തം, ചതുരം, ത്രികോണം) കൃത്യമായ എണ്ണത്തില്‍ പരത്തണമെന്ന് ടാസ്ക് ലെറ്ററില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ജോലി പൂര്‍ത്തിയാക്കി അനുമോളും ശരത്തും വിശ്രമിക്കാന്‍ ഒരുങ്ങിയപ്പോഴേക്കും അനീഷ് മറ്റൊരു ടാസ്ക് കൂടി ഉണ്ടെന്നറിയിച്ച് എത്തി. എന്നാല്‍ ആദ്യ ടാസ്ക് ലെറ്ററിന് സമാനമായ ഒന്നാണ് അനീഷ് വായിച്ചത്. ഇനി തങ്ങള്‍ ഒന്നും ചെയ്യില്ലെന്നായിരുന്നു അനുമോളുടെയും ശരത്തിന്‍റെയും മറുപടി.

