ബിഗ് ബോസ് സീസൺ 7 വിജയത്തിന്റെ ഒന്നാം വാർഷികത്തിൽ പിആർ ആരോപണങ്ങൾക്ക് മറുപടിയുമായി അനുമോൾ. മുൻകൂട്ടി പ്ലാൻ ചെയ്തല്ല താൻ നിന്നതെന്നും അർഹിച്ച കപ്പാണ് ലഭിച്ചതെന്നും പറഞ്ഞ താരം, പിന്തുണച്ച പ്രേക്ഷകർക്കും മോഹൻലാലിനും ഏഷ്യാനെറ്റിനും നന്ദി അറിയിച്ചു.
ബിഗ്ബോസിൽ പിആർ നൽകിയതുമായി ബന്ധപ്പെട്ട്, സീസൺ 7 ലെ വിജയി അനുമോൾക്കെതിരെയുള്ള ചർച്ചകൾ അടുത്തിടെ വീണ്ടും സജീവമായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാമുള്ള പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ. ബിഗ്ബോസ് വിജയിയായതിന്റെ ഒന്നാം വാർഷികത്തിലാണ് അനുമോൾ കുറിപ്പ് പങ്കുവെച്ചത്.
''2025 നവംബർ 9-നാണ് ബിഗ് ബോസ് സീസൺ 7 വിജയി എന്നെ Announce ചെയ്തത്. ഓഗസ്റ്റ് 2 മുതൽ നവംബർ 9 വരെയുള്ള ആ 100 ദിവസങ്ങൾ… ചിരിച്ചും കരഞ്ഞും വഴക്കിട്ടും ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയ ദിവസങ്ങൾ. ഇതെല്ലാം ഇന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷവും സങ്കടവും അഭിമാനവും തോന്നുന്നുണ്ട്. ഞാൻ ആ ഹൗസിൽ എന്താണ് ചെയ്തതെന്നും എങ്ങനെയാണ് നിന്നതെന്നും എനിക്ക് നന്നായിട്ടറിയാം. 24 മണിക്കൂറും ലൈവ് കണ്ടവർക്കും അറിയാം. ഒന്നും പ്രീ പ്ലാന്ഡ ചെയ്തോ പഠിച്ചോ ആയിരുന്നില്ല ഞാൻ അവിടെ പോയത്. നന്നായിട്ട് നിൽക്കണം, എന്റെ പരമാവധി കൊടുക്കണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു.
ഒരു വർഷം കഴിഞ്ഞിട്ടും എന്റെ വിജയത്തെക്കുറിച്ചും PR-നെക്കുറിച്ചും ചിലർ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ആരെന്ത് പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടി. എന്നെ സ്നേഹിച്ച് വിശ്വസിച്ച് വോട്ട് ചെയ്ത ഒരുപാട് ആളുകളുണ്ട്. അവരുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ആദ്യം ദൈവത്തിന് നന്ദി. എന്റെ ഫാമിലിക്ക്, എന്നെ സ്നേഹിച്ചവർക്കും വോട്ട് ചെയ്ത് എന്നെ കൂടെ നിന്ന ഓരോരുത്തർക്കും ഒരുപാട് നന്ദി.
ഈ വലിയ പ്ലാറ്റഫോം തന്ന ഏഷ്യാനെറ്റിനും സ്പോൺസേഴ്സിനും പ്രത്യേകം നന്ദി. ഈ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നമ്മുടെ സ്വന്തം ലാലേട്ടനും ഒരുപാട് നന്ദി. എത്ര വർഷം കഴിഞ്ഞാലും ഒരു കാര്യം മാറാൻ പോകുന്നില്ല. ബിഗ് ബോസ് സീസൺ 7 ലെ വിജയി അനുമോൾ തന്നെയാണ്. എനിക്ക് കിട്ടേണ്ട കപ്പ് എനിക്ക് കിട്ടി. അതിൽ എന്നും അഭിമാനമുണ്ട് എത്ര വർഷം കഴിഞ്ഞാലും ആ 100 ദിവസങ്ങളും ആ കപ്പും എന്റെ ജീവിതത്തിൽ എന്നും ഒരു വലിയ ഓർമ്മയായിരിക്കും'', എന്നായിരുന്നു അനുമോളുടെ വാക്കുകൾ.















