ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഫസ്റ്റ് റണ്ണറപ്പായ അർജുൻ ശ്യാം ഗോപൻ, ഷോയിൽ നിന്നും ലഭിച്ച പ്രതിഫലത്തെക്കുറിച്ചും സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് അർജുൻ ശ്യാം ഗോപൻ. സീസൺ ആറിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന അർജുൻ ഷോയിലേക്ക് വരും മുൻപേ തന്നെ മോഡലിങ്ങിലൂടെ സോഷ്യൽമീഡിയയിൽ താരമായിരുന്നു. അർജുന്റെ ബോഡി ട്രാൻസ്ഫർമേഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അർജുൻ. സിനിമാമോഹവുമായാണ് അർജുൻ ബിഗ്ബോസിലെത്തിയത്. ബിഗ്ബോസിലൂടെത്തന്നെയാണ് ജിത്തു ജോസഫ് സിനിമയിലേക്ക് അർജുനെ ക്ഷണിച്ചതും. ഷോയ്ക്കുള്ളിൽ വെച്ചു നടത്തിയ ഒരു ടാസ്കിലൂടെയാണ് അർജുന് സിനിമയിലേക്കുള്ള വിളിയെത്തുന്നത്.
ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നുമുള്ള പേയ്മെന്റിനെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. നമുക്ക് സ്റ്റാർ നെറ്റ് വർക്കാണ് പേയ്മെന്റ് തരുന്നത്. എല്ലാവർക്കും ഒരുപോലെയാണോ എന്നെനിക്ക് അറിയില്ല. എന്റെ കാര്യത്തിൽ കയറുന്ന സമയത്ത് കുറച്ച് പെെസ തന്നു. പിന്നെ ഇറങ്ങിക്കഴിഞ്ഞിട്ട്. പിന്നെ കുറേ നാൾ കഴിഞ്ഞിട്ട് ഒന്നിച്ചു തന്നു. ഘട്ടം ഘട്ടമായാണ് പെെസ കിട്ടുക'', പോർട്രേയൽസ് ബൈ ഗദ്ദാഫി എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞു.
''എനിക്ക് വേണ്ടി ഷോപ്പ് ചെയ്തിരുന്നത് ഞാൻ തന്നെയാണ്. ഞാൻ തന്നെ കുറച്ച് ഡ്രസ് മേടിച്ച് വീട്ടിൽ വെച്ചിരുന്നു. ബിഗ് ബോസിൽ കയറണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുറേ വർഷത്തെ തയ്യാറെടുപ്പ് എനിക്കുണ്ടായിരുന്നു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ധരിച്ച ഡ്രസുകൾ സ്റ്റോക്ക് ചെയ്ത് വെച്ചിരുന്നു. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം ഞാൻ ചൂസ് ചെയ്തത് സിനിമയിലേക്ക് എൻട്രി കിട്ടാൻ വേണ്ടി തന്നെയായിരുന്നു. മോഡലിങ്ങിൽ നിന്ന് സിനിമാ രംഗത്തേക്ക് വരുന്നത് ഭയങ്കര പാടാണ്. മോഡലിങ്ങിലെ സ്വാഗും ആറ്റിറ്റ്യൂഡുമൊന്നും അഭിനയത്തിൽ പറ്റില്ല. അതുകൊണ്ടു തന്നെ മോഡലിങ്ങ് ചെയ്യുന്നവർ ഫ്ലക്സിബിൾ അല്ല എന്ന ധാരണയുണ്ട്. അത് സത്യമാണ്. എനിക്കും ആ പ്രശ്നം ഉണ്ട്. അത് നമ്മൾ മാറ്റിയെടുക്കണം'', അർജുൻ കൂട്ടിച്ചേർത്തു.



