പവര്‍ റൂം അംഗങ്ങള്‍ അധികാരം കാര്യമായി ഉപയോഗിക്കുന്നില്ലെന്ന് ബിഗ് ബോസിന്‍റെ വിമര്‍ശനം

ബിഗ് ബോസ് മലയാളം സീസണ്‍ 6 സംഘര്‍ഷഭരിതമായി മുന്നോട്ട് പോവുകയാണ്. മറ്റ് സീസണുകളില്‍ നിന്ന് ബിഗ് ബോസ് ഇത്തവണ അവതരിപ്പിച്ച ഒരു പുതിയ കാര്യം പവര്‍ റൂം എന്ന് പേരിട്ടിരിക്കുന്ന, കൂടുതല്‍ സൗകര്യങ്ങളുള്ള, അവിടെ താമസിക്കുന്നവര്‍ക്ക് അധികാരങ്ങളുള്ള ഒരു മുറിയാണ്. മുന്‍മാതൃകകള്‍ ഇല്ലാത്തതിനാല്‍ ഈ മുറി എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പവുമുണ്ട്. ഒടുവില്‍ ഇന്ന് ബിഗ് ബോസ് തന്നെ വിമര്‍ശനവുമായെത്തി, നിലവില്‍ പവര്‍ റൂമില്‍ താമസിക്കുന്നവര്‍ പവര്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന്. അതേസമയം പവര്‍ റൂം അംഗമായ ശ്രീരേഖയുടെ ഒരു വാദമുഖം മറ്റൊരു മത്സരാര്‍ഥി വൈകാരികമായി എടുക്കുകയും ചെയ്തു.

പവര്‍ റൂം അംഗങ്ങള്‍ അധികാരം കാര്യമായി ഉപയോഗിക്കുന്നില്ലെന്ന ബിഗ് ബോസിന്‍റെ വിമര്‍ശനത്തിന് പിന്നാലെ പവര്‍ റൂം അംഗമായ ശ്രീരേഖ രതീഷ് കുമാര്‍ എന്ന മത്സരാര്‍ഥിയെ വിമര്‍ശിച്ചും അദ്ദേഹത്തിന് ഒരു ശിക്ഷ വിധിച്ചും രംഗത്തെത്തി. ഹൗസിന് പുറത്ത് പോകണമെന്നതായിരുന്നു ശിക്ഷ. എന്നാല്‍ ഇക്കാര്യം വിശദീകരിക്കുന്നതിനിടെ രതീഷ് വലിയ ഗെയിമറാണെന്ന് ശ്രീരേഖ സ്ഥാപിക്കുകയാണെന്ന് വിമര്‍ശിച്ച് റോക്കി അസി രംഗത്തെത്തി. രംഗം ശബ്ദായമാനമാകുന്നതിനിടെ 7000 ചതുരശ്ര അടിയിലുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ബിഗ് ബോസ് നിയമങ്ങളെയൊക്കെ നിസ്സാരമായി കാണാമെന്ന് ശ്രീരേഖ പറഞ്ഞു. റോക്കിയെ ഉദ്ദേശിച്ചാണ് ശ്രീരേഖ അത് പറഞ്ഞത്. ഇത് വൈകാരികമായി എടുത്ത് പുറത്ത് ഇരുന്ന റോക്കിയെ ആശ്വസിപ്പിക്കാന്‍ ക്യാപ്റ്റന്‍ അര്‍ജുനും മറ്റൊരു പവര്‍ റൂം അംഗമായ ഗബ്രിയും എത്തി. 

മോണിംഗ് ടാസ്കില്‍ 7000 സ്ക്വയര്‍ഫീറ്റ് വീടിന്‍റെ കാര്യം താന്‍ പറഞ്ഞത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമെന്ന നിലയ്ക്കാണെന്നും താന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണെന്നും റോക്കി ഇവരോട് പറഞ്ഞു. ആറ് വര്‍ഷം പ്രയത്നിച്ചതിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്താന്‍ കഴിഞ്ഞതെന്നും. ശ്രീരേഖ പറഞ്ഞത് തെറ്റാണെന്ന അഭിപ്രായക്കാരായിരുന്നു അര്‍ജുനും ഗബ്രിയും.

ALSO READ : അടുത്ത ദിലീപ് ചിത്രം 'പവി കെയര്‍ടേക്കര്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം