ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും സീനിയോരിറ്റിയുള്ള മത്സരാര്‍ഥിയാണ് ഭാഗ്യലക്ഷ്മി. സീനിയോരിറ്റി മാത്രമല്ല, ഫൈറ്റിംഗ് സ്പിരിറ്റും ഉള്ള ആളാണ് താനെന്ന തോന്നലുളവാക്കിയാണ് അവരുടെ മുന്നോട്ടുപോക്ക്. ഇന്നത്തെ എപ്പിസോഡില്‍ ഫിറോസ് ഖാനുമായുണ്ടായ ഒരു സംഭാഷണം പ്രേക്ഷകശ്രദ്ധ നേടുന്ന ഒന്നായിരുന്നു. കോമണ്‍ ഏരിയയില്‍ ഫിറോസ്, സജിനി, ഭാഗ്യലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ലക്ഷ്മി ജയന്‍, സന്ധ്യ മനോജ്, മിഷേല്‍ എന്നിവരും ഇരിക്കുന്നുണ്ടായിരുന്നു. ഫിറോസ് ഖാന്‍ എന്തോ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ഭാഗ്യലക്ഷ്മി.

"കുറേ ആളുകള്‍ക്ക് നേരെ ഇങ്ങേര് കുറേ ബോംബുകളും കൊണ്ട് നടക്കുന്ന മാതിരിയാണ്. ഒരു കാര്യം ഞാന്‍ പറയാം, ഇനി എന്നെക്കുറിച്ച് നേരത്തേ ആ വിവാദമായ  ആയാള്‍ പറഞ്ഞതടക്കം, ഇനി എന്നെക്കുറിച്ച് ആരൊക്കെ എന്തൊക്കെ വൃത്തികേട് പറഞ്ഞാലും എന്‍റെ മക്കള്‍ക്ക് അതൊരു പ്രശ്നമേയല്ല. എനിക്കും എന്‍റെ മക്കള്‍ക്കും എന്‍റെ മരുമകള്‍ക്കും മരുമകളുടെ വീട്ടുകാര്‍ക്കും. ഡോണ്‍ട് കെയര്‍ എന്നുപറയുന്ന ഒരു ഫാമിലിയാണ് ഞങ്ങള്‍. ഈ ഇഷ്യു വന്ന സമയത്ത് അവര്‍ എന്നോട് പറഞ്ഞു, എന്തിനാണ് ഞങ്ങളെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നതെന്ന്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ മകള്‍ നിങ്ങളുടെ വീട്ടില്‍ വളരെ ഹാപ്പിയാണ്. ഞങ്ങള്‍ക്ക് അതു മാത്രം മതി.  നിങ്ങളുടെ പാസ്റ്റോ നിങ്ങളുടെ ഫ്യൂച്ചറോ നിങ്ങളുടെ പ്രസന്‍റോ ഇതൊന്നും ഞങ്ങളുടെ വിഷയമല്ല. അതുകൊണ്ടുതന്നെ എന്നെ ഒരാള്‍ക്കും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ പറ്റില്ല. ഇമോഷണല്‍ ബ്ലാക്ക്മെയില്‍ എന്നു പറയുന്ന ഒരു സാധനം എന്‍റടുത്ത് നടക്കില്ല", ഫിറോസ് ഖാനോട് ഭാഗ്യലക്ഷ്മി പറഞ്ഞു.

 

എന്നാല്‍ താന്‍ അതല്ല ഉദ്ദേശിച്ചത് എന്നായിരുന്നു ഫിറോസിന്‍റെ മറുപടി. "ഞാന്‍ അങ്ങനെ ചെയ്തതാണോ ചേച്ചീ. ഇമോഷണല്‍ ബ്ലാക്ക്മെയില്‍ ചെയ്തതല്ല. ഞാന്‍ കാര്യങ്ങള്‍ ചോദിച്ചതാണ്". എന്നാല്‍ തന്‍റെ കാര്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. "ഞാന്‍ ആരുമല്ല. പക്ഷേ നമ്മള്‍ ഒരു കുടുംബത്തില്‍ ഇരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങള്‍ സംസാരിക്കും" എന്ന് ഫിറോസ്. എന്നാല്‍ ഇതൊരു ഗെയിം ആണെന്നും മത്സരാര്‍ഥികള്‍ കുടുംബാഗങ്ങളല്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. "എന്ത് കുടുംബം, മൂന്ന് മാസത്തെ കുടുംബമോ? ഞാന്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. ഇവിടെ ഒരു ഗെയിമിനാണ് വന്നത്. ഇപ്പോള്‍ ഒന്നിച്ച് നമ്മള്‍ ഒരു ഫാമിലിയായിട്ട് ഒരു സ്ഥലത്തേക്ക് യാത്ര പോയി. ചിലപ്പോള്‍ നമ്മുടെ രണ്ടുമൂന്ന് ഫാമിലി ഒന്നിച്ചായിരിക്കും പോകുന്നത്. പോയി തിരിച്ചുവരുമ്പോള്‍ നല്ല ഓര്‍മ്മകളായിരുന്നു, ഓകെ. അതാണ് ഫാമിലി, അല്ലെങ്കില്‍ ഇമോഷണല്‍ ബോണ്ടിംഗ്. ഇവിടെ എന്ത് ഇമോഷണല്‍ ബോണ്ടിംഗ് ആണ്.ഇവിടെ പിന്നില്‍നിന്ന് കുത്താന്‍ കാത്തുനില്‍ക്കുന്നവരല്ലേ.."

"പറയുന്നതുകൊണ്ട് ഫിറോസിന് ഒന്നും തോന്നരുത്. ഇങ്ങനെയൊക്കെ പറയുമ്പൊ ഫിറോസിന് ചില ആളുകളില്‍ നിന്ന് എന്തെങ്കിലും കിട്ടുന്നുണ്ടായിരിക്കും. കാരണം ഫിറോസ് ചെയ്ത പ്രോഗ്രാം എനിക്ക് നന്നായിട്ടറിയാം. അവരെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. പാവം അവര്‍ക്കറിയില്ല അത്. എന്നിട്ട് അവസാനം പറയുകയാണ് ഞാന്‍ നിങ്ങളെ പറ്റിച്ചതായിരുന്നേ എന്ന്", ഫിറോസ് അവതരിപ്പിച്ചിരുന്നു പ്രാങ്ക് ഷോകളെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ അവിടെ ഇരയാക്കപ്പെടുന്നവരും തമാശ ആസ്വദിച്ചിരുന്നുവെന്നായിരുന്നു ഫിറോസിന്‍റെ പ്രതികരണം. 

 

"എനിക്ക് വയസ് 60 ആവാറായി. ഈ പ്രായം വരെ ഞാന്‍ അനുഭവിക്കാത്തത് ഒന്നുമില്ല. ഒറ്റയ്ക്കൊരു പെണ്‍കുട്ടി, യുവതി, മധ്യവയസ്ക. അതിനപ്പുറം എന്‍റെ ജീവിതത്തില്‍ ഒന്നും വരാന്‍ പോകുന്നില്ല. ഇനി അത്രയും വര്‍ഷം എനിക്ക് പിറകോട്ടു പോകേണ്ട കാര്യമില്ല. ഇനിയുള്ളത് ഞാനും എന്‍റെ മക്കളും ലൈഫ് എന്‍ജോയ് ചെയ്ത് ജീവിക്കും. നമ്മളെല്ലാവരും കൂടി കൂടിയിരിക്കുമ്പൊ നമുക്ക് പറയാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ട്. പക്ഷേ പറയുന്നത്, എനിക്ക് ഭാഗ്യചേച്ചിക്കെതിരെ ഒരു ബോംബ് പൊട്ടിക്കാനുണ്ട് എന്നാണ്", ഭാഗ്യലക്ഷ്മി തന്‍റെ അനിഷ്ടം വെളിപ്പെടുത്തി.